ചെങ്ങന്നൂർ: നഗരമദ്ധ്യത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമായ വെട്ടുതോട്ടിലെ നീരൊഴുക്ക് തടസത്തിന് പരിഹാരമായി. തോട്ടിൽ വളർന്നു പന്തലിച്ച ചെടികളും മാലിന്യവും നീക്കം ചെയ്തതോടെ നീരൊഴുക്ക് തടസം ഒഴിവായി. വെട്ടുതോട്ടിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനാൽ പെരുങ്കുളം പാടത്തിന് സമീപത്തെ വീടുകളിൽ എല്ലാ മഴക്കാലത്തും വെള്ളം കയറുന്നത് പതിവാണ്. ഇത്തവണയും പത്തോളം വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതോടെ വാർഡ് കൗൺസിലർ അശോക് പടിപ്പുരയ്ക്കൽ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പിനും സെക്രട്ടറി എൻ.നാരായണനും പരാതി നൽകി. ഇതേത്തുടർന്നാണ് തോട് ശുചീകരിക്കുവാൻ തീരുമാനിച്ചത്. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.മോഹനകുമാർ, എൻജിനീയർ മനു മോഹൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ശുചീകരണത്തിനായി ചുമതലപ്പെടുത്തിയ ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശികൾക്കൊപ്പം വാർഡ് നിവാസികളായ ബിജു മാപ്പോട്ടിൽ, സജി വടക്കേടത്ത്, ജയൻ കൊച്ചുപുരയ്ക്കൽ, പുഷ്പാംഗദൻ പടിപ്പുരയ്ക്കൽ വടക്കേതിൽ എന്നിവരും സഹായികളായി.