പന്തളം: പദ്ധതി സമർപ്പണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ചെയർപേഴ്‌സണെയും ഉദ്യോഗസ്ഥരെയും പ്രതിപക്ഷം ഉപരോധിച്ചു. പന്തളം നഗരസഭാ കാര്യാലയത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 നാണ് സംഭവം. 2021-22 വർഷത്തെ പദ്ധതി സമർപ്പണത്തിൽ ഭരണ സമിതി വീഴ്ച വരുത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷം ഉപരോധം നടത്തിയത്. നഗരസഭ സമർപ്പിച്ച പദ്ധതി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ആസൂത്രണ സമിതി നഗരസഭയ്ക്ക് കത്തു നല്കിയിരുന്നു. ഇതു ചർച്ച ചെയ്യാൻ നഗരസഭാ കൗൺസിൽ വിളിച്ചു കൂട്ടിയിരുന്നു. എന്നാൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് കൗൺസിൽ നിറുത്തിവെച്ചു. തുടർന്ന് സെക്രട്ടറിയുടെ ചേംബറിലെത്തിയ ചെയർപേഴ്‌സൺ സുശീല സന്തോഷ്, സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന ആർ.രേഖ, പ്ലാൻ ക്ലർക്ക് എന്നിവരെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് പന്തളം എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി. മണിക്കൂറുകൾ നീണ്ട ഉപരോധത്തിനു ശേഷം പ്രതിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് ഇന്ന് രാവിലെ 11ന് പദ്ധതി രേഖ മാത്രം അജണ്ടയാക്കി പ്രത്യേക കൗൺസിൽ യോഗം വിളിക്കുമെന്ന ചെയർപേഴ്‌സൺന്റെ ഉറപ്പിനേ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. നഗരസഭാ ഭരണം അട്ടിമറിക്കാൻ നഗരസഭാ രേഖകൾ ചോർത്തി നല്കി ജില്ലയിലെ സിപിഎം നേതൃത്വം ശ്രമിക്കുന്നതായി സുശീല സന്തോഷ് ആരോപിച്ചു. പദ്ധതി രേഖയിലെ തുക വെട്ടിക്കുറക്കാൻ ഭരണ സമിതിയ്ക്കല്ല, കൗൺസിലിനാണ് യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി കെ.ആർ. രവി പറഞ്ഞു. പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച ചെയർപേഴ്‌സൺ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.
കെ.ആർ.വിജയകുമാർ, രാജേകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിതാ വേണു ഷെഫിൻ റജീബ് ഖാൻ, എച്ച്. സക്കീർ, എസ്. അജിതാ കുമാരി, രത്‌നമണി സുരേന്ദ്രൻ, ശോഭനാകുമാരി, അംബികാ രാജേഷ് എന്നിവരാണ് സമരത്തിൽ പങ്കെടുത്തത്.
ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു : ലസിത നായർ
പന്തളം: പന്തളം നഗരസഭയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടതായി നഗരസഭയിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ പറഞ്ഞു. അന്തിമ പദ്ധതിരേഖ മുൻസിപ്പൽ കൗൺസിലിന്റെ അംഗീകാരം സ്വന്തമായി തയാറാക്കിയത് അറിവില്ലായ്മയും ധാർഷ്ട്യവുമാണ്. ഇതിലൂടെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണുണ്ടായതെന്നും ലസിതാ നായർ ആരോപിച്ചു. ഒരബദ്ധത്തിലൂടെ അധികാരത്തിലേറ്റിയ ബിജെപി ഭരണത്തെ പന്തളത്തെ ജനങ്ങൾ തന്നെ തിരസ്‌കരിയ്ക്കുമെന്നും ലസിതാ നായർ പറഞ്ഞു.