ഇലവുംതിട്ട : അജ്ഞാത വാഹനമിടിച്ച് റോഡിൽ കിടന്ന നായ്ക്കുട്ടിയ്ക്ക് ഇലവുംതിട്ട പൊലീസ് രക്ഷകരായി.പൊന്നി എന്നു പൊലീസ് വിളിപ്പേരിട്ട നായ്ക്കുട്ടി ഇപ്പോൾ തുടർ ചികിത്സയ്ക്ക് മ്യഗസംരക്ഷണ കൂട്ടായ്മയായ ടീം ആരോയുടെ സംരക്ഷണത്തിലാണ്.രണ്ടാഴ്ച മുമ്പാണ് ഇലവുംതിട്ട ശ്രീബുദ്ധ കോളജിനടുത്ത് വാഹനമിടിച്ച നിലയിൽ നായ്ക്കുട്ടി റോഡിൽ കിടക്കുന്നത് അയത്തിൽ സ്വദേശി ശ്രീകുമാർ കാണുന്നത്. വിവരം ഇലവുംതിട്ട ജനമൈത്രി പൊലീസിനെ അറിയിച്ച ഉടൻ തന്നെ വൊളന്റിയർ എബി റോയ്‌സിനെ കൂട്ടി ഇവിടെയെത്തിയ ബീറ്റ് ഓഫീസർ എസ്.അൻവർഷ നായ്കുട്ടിയെ എടുത്ത് മൃഗാശുപത്രിയിലെത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.താല്കാലിക സംരക്ഷണത്തിന് ശ്രീകുമാറിനെ തന്നെ ഏൽപ്പിച്ചു. പരിചരണത്തിനൊടുവിൽ ശ്രീകുമാറിന്റെ മകൻ അദ്വൈതി നോട് കൂടുതൽ ചങ്ങാത്തം കൂടിയെങ്കിലും ശരീരം തളർന്ന നായ്ക്കുട്ടിയുടെ ചികിത്സയും പുനരധിവാസവും ബുദ്ധിമുട്ടായതിനാൽ ബീറ്റ് ഓഫീസർ മൃഗസംരക്ഷണ കൂട്ടായ്മയായ ടീം ആരോയുമായി ബന്ധപ്പെട്ടു. ഭാരവാഹികളായ ജിബിൻ, അഞ്ജലി എന്നിവർ ചേർന്ന് ഇന്നലെ പൊന്നിയുടെ സുരക്ഷ ഏറ്റെടുത്തു. ജനമൈത്രി വോളന്റിയർമാരായ അജോ അച്ചൻകുഞ്ഞ്, ഹൃത്വിക് ,ഡാനി എന്നിവർ നേതൃത്വം നൽകി.