തിരുവല്ല: പൊടിയാടി - തിരുവല്ല റോഡ് നിർമ്മാണത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. കച്ചേരിപ്പടിക്ക് സമീപം റോഡിന് കുറുകെ രണ്ടിടത്താണ് നിർമ്മാണം നടക്കുന്നത്. കലുങ്കിന്റെ പണികൾ നടക്കുന്നതിനാൽ പ്രധാന റോഡിന്റെ മുക്കാൽ ഭാഗവും കുഴിയെടുത്തിരിക്കുകയാണ്. ഇതോടൊപ്പം ഇവിടെ ഓടയുടെ നിർമ്മാണവും നടത്താനും കുഴിയെടുത്തിട്ടുണ്ട്. ഇതിന് സമീപത്തായി ചാത്തമല റോഡിന്റെ നടുവിലും ഓട നിർമ്മിക്കാൻ കുഴിയെടുത്തിട്ടിരിക്കുകയാണ്. ഇതുകാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ അൽപ്പം സ്ഥലം മാത്രമേയുള്ളൂ. ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽ ഇരുവശങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ ഏറെനേരം കാത്തുകിടക്കേണ്ട സ്ഥിതിയാണ്.

ലോക്ക് ഡൗണിലെ ഇളവ്, വാഹനങ്ങളുടെ നീണ്ടനിര

ലോക്ക് ഡൗണിൽ ഇന്നലെ മുതൽ കൂടുതൽ ഇളവുകൾ നൽകിയതോടെ പലയിടത്തേക്കും പോകാനായി നിരത്തുകളിൽ വാഹനങ്ങളുടെ വലിയ തിരക്കായിരുന്നു. ഇന്നലെ പകൽ നേരങ്ങളിൽ കുരിശുകവല വരെയും മറുവശത്ത് ആശുപത്രിപ്പടി വരെയും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. കാവുംഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഡിവൈ.എസ്.പി ഓഫീസിന് മുന്നിലെ റോഡിലൂടെ തിരിച്ചു വിട്ടെങ്കിലും തിരക്കിന് ശമനമായില്ല. കുരിശുകവലയിലെ കലുങ്കിന്റെ നിർമ്മാണവും നടക്കുന്നതിനാൽ അവിടെയും തിരക്ക് ഏറെയായിരുന്നു. വാഹനങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ നിർമ്മാണങ്ങൾ തീരുംവരെ മറ്റു വഴികളിലൂടെ യാത്രക്കാരെ തിരിച്ചുവിട്ടില്ലെങ്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരാനാണ് സാദ്ധ്യത.

-പ്രധാന റോഡിന്റെ മുക്കാൽ ഭാഗവും കുഴിയെടുത്തു

-വാഹനങ്ങൾക്ക് കടന്നു പോകാൻ സ്ഥലമില്ല