പത്തനംതിട്ട : കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുന്നതിന് ജില്ലയിലെ വിദ്യാലയങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാനതല പ്രവേശനോത്സവം ചടങ്ങുകൾ ഇന്ന് രാവിലെ 8.30ന് ആരംഭിക്കും. സംസ്ഥാനതല പരിപാടികളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയാണ് നടക്കുക. ഇതിന് ശേഷം സ്‌കൂൾതല പ്രവേശനോത്സവ പരിപാടികൾ ജില്ലയിലെ 690 പൊതുവിദ്യാലയങ്ങളിൽ ഓൺലൈനായി നടക്കും.
വിദ്യാലയങ്ങളിൽ നടക്കുന്ന പരിപാടിയിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്ക് പ്രയോജനകരമായ പരിപാടികൾക്ക് പ്രാമുഖ്യം നൽകും. മുതിർന്ന ക്ലാസിലെ കുട്ടികളുടെ കലാ പരിപാടികൾ ഓൺലൈനായി തുടർന്ന് നടക്കും. കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ ക്ലാസ് തല പ്രവേശനോത്സവ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മന്ത്രി, എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ ചെയർമാൻമാർ, മറ്റ് ജനപ്രതിനിധികൾ, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ വിദ്യാലയങ്ങളിൽ ഓൺലൈനായി പ്രവേശനോത്സവത്തിൽ പങ്കെടുക്കും. ജനപ്രതിനിധികൾ ഇതിനകംതന്നെ സന്ദേശങ്ങൾ തയാറാക്കി വിദ്യാലയങ്ങൾക്ക് നൽകിയിട്ടുണ്ട്. പ്രവേശനോത്സവ പരിപാടികൾ വിജയിപ്പിക്കുന്നതിന് ഓൺലൈനായി സ്‌കൂൾ അദ്ധ്യാപകരുടെ റിസോഴ്‌സ് ഗ്രൂപ്പ് യോഗങ്ങളും സ്‌കൂൾ തല സംഘാടകസമിതികളും ചേർന്നിരുന്നു. ഈ വർഷം ഇതിനകം ജില്ലയിൽ ഒന്നാം ക്ലാസിൽ 5114 കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്. പ്രവേശന നടപടികൾ തുടരുന്നു. ജില്ലയിൽ പാഠപുസ്തക വിതരണം ഇതിനകം 70 ശതമാനത്തോളം പൂർത്തീകരിച്ചിട്ടുണ്ട്.