ചാത്തന്നൂർ: മൃതദേഹം മറവുചെയ്യാൻ ആറടി മണ്ണ് സ്വന്തമായില്ലാത്ത കല്ലുവാതുക്കൽ പഞ്ചായത്തിലെ നിർദ്ധനരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നമാണ് ഒരു പൊതുശ്മശാനം. എന്നാൽ 30 വർഷത്തിനിടെ മാറിമാറിവന്ന ഭരണസമിതികൾക്ക് മുന്നിൽ ശ്മശാനത്തിനായി ഭൂമി കണ്ടെത്തുകയെന്നത് ഇന്നും ബാലികേറാമലയായി തുടരുകയാണ്.
ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലത്തിനായി ഭരണസമിതികൾ നിരവധി തവണ പത്രമാദ്ധ്യമത്തിലൂടെ പരസ്യം നൽകിയെങ്കിലും ഫലമുണ്ടായില്ല. പ്രാദേശിക പ്രതിഷേധങ്ങൾക്കും ഉദ്യോഗസ്ഥതലത്തിലെ എതിർപ്പുകൾക്കും പുറമെ സ്ഥാപിത താത്പര്യക്കാർ പടച്ചുവിട്ട കള്ളക്കഥകളും ഭൂമി കണ്ടെത്തുന്നതിന് വിലങ്ങുതടിയായി. ഓരോ തവണയും മുളയിലേ തന്നെ നുള്ളിയെറിയപ്പെടാനായിരുന്നു പദ്ധതിയുടെ വിധി.
30 വർഷങ്ങൾക്ക് മുമ്പ് പുലിക്കുഴിയിൽ ശ്മശാനത്തിനായി സ്ഥലം വാങ്ങിയെങ്കിലും പ്രാദേശിക പ്രതിഷേധം മൂലം പദ്ധതി മുടങ്ങി. പ്രതിഷേധവുമായി എത്തിയവർ ശ്മശാനം സ്ഥാപിക്കുന്നതിനെതിരെ കോടതി വിധി നേടുകയും ചെയ്തു. 12 വർഷം മുമ്പ് എ. ശ്രീധരൻ മാസ്റ്റർ പ്രസിഡന്റായിരിക്കെ വിലവൂർക്കോണം പാറ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിൽ നിന്ന് പാട്ടത്തിനെടുത്ത് ശ്മശാനമുൾപ്പെടെയുള്ള പദ്ധതികൾക്കായി പ്രയോജനപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥതലത്തിലുയർന്ന എതിർപ്പ് തടസമായി. ഭൂമിയുമായി ബന്ധപ്പെട്ട് കെട്ടുകഥകൾ കൂടി പരന്നതോടെ ജനങ്ങളും പദ്ധതിക്കെതിരെ തിരിഞ്ഞു.
വിലവൂർക്കോണത്ത് അനുയോജ്യമായ ഭൂമി
ശ്മശാനം സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഭൂമി പഞ്ചായത്ത് പരിധിയിൽ ഇപ്പോഴുമുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. റവന്യൂ പുറമ്പോക്ക് അടക്കമുള്ള ഇത്തരം ഭൂമികൾ പലരും വ്യാജരേഖയുണ്ടാക്കി കൈയടക്കി വച്ചിരിക്കുകയാണെന്ന ആരോപണവുമുണ്ട്. കല്ലുവാതുക്കൽ വില്ലേജിൽ ബ്ലോക്ക് 39 റീസർവേ 392/4ൽ ഉൾപ്പെട്ട വിലവൂർക്കോണം പാറ പുറമ്പോക്ക് ഇത്തരത്തിലുള്ളതാണ്. രേഖകളിൽ 2.90 ഏക്കറോളമുള്ള ഭൂമിയുടെ ഒരേക്കറോളം പലരായി കൈയേറിയിട്ടുണ്ടെന്നാണ് ആക്ഷേപം.
കണ്ണുനനയ്ക്കുന്ന അനുഭവങ്ങൾ
മൃതദേഹം മറവുചെയ്യാൻ ഭൂമിയില്ലാതെ പ്രതിസന്ധിയിലാകുന്ന നിരവധി നിർദ്ധന കുടുംബങ്ങൾ പഞ്ചായത്തിലുണ്ട്. വർഷങ്ങൾക്ക് മുമ്പ് വിലവൂർക്കോണം ചെന്തിപ്പിൽ കോളനിയിൽ ഗൃഹനാഥന്റെ മൃതദേഹം രണ്ടുസെന്റിലെ മാടത്തിന്റെ അടുക്കള പൊളിച്ചാണ് മറവുചെയ്തത്. മാടൻകാവ് കോളനിയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന സ്വകാര്യബസ് ജീവനക്കാരന്റെ സംസ്‌കാരം നടത്താൻ വീട്ടുടമയുടെ കാരുണ്യത്താലാണ് സാധിച്ചത്. ഇപ്പോഴും ഉറ്റവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കല്ലട പദ്ധതിയുടെ കനാൽ പുറമ്പോക്കിനെയും പോളയത്തോട് ശ്മശാനത്തെയും ആശ്രയിക്കുന്നവരുണ്ട്.