പുനലൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനങ്ങളെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രമായ തെന്മല ഇക്കോ ടൂറിസം മേഖലയും സമീപ ടൂറിസ്റ്റ് കേന്ദ്രങ്ങളും മറ്റും അടച്ച് പൂട്ടി. അതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജോലി ചെയ്ത് വരുന്ന 40ഓളം വരുന്ന താത്ക്കാലിക ജീവനക്കാരും കടുത്ത ആശങ്കയിലാണ്.

ജീവനക്കാർ പ്രതിസന്ധിയിൽ

ഗൈഡുകൾ, ഉല്ലാസ ബോട്ടിലെ ജീവനക്കാർ, സെക്യൂരിറ്റി, ടിക്കറ്റ് വിൽപ്പന കൗണ്ടറിൽ പണിയെടുക്കുന്നവർ ഉൾപ്പടെയുളള 40 ഓളം ജീവനക്കാർ അടച്ച് പൂട്ടൽ കാരണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഒരു മാസം മാത്രം അഞ്ച് ലക്ഷത്തിലധികം രൂപയുടെ വരുമായിരുന്നു ഇക്കോ ടൂറിസം മേഖലയിൽ നിന്ന് മാത്രം ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചതിനിടെയാണ് പദ്ധതി പ്രദേശം അടച്ച് പൂട്ടേണ്ടി വന്നത്.

അഞ്ച് മാസം മുമ്പാണ് തുറന്നത്

ഉല്ലാസ ബോട്ട് യാത്ര, കുട്ട വഞ്ചി യാത്ര,മാൻപാർക്ക്, വാട്ടർ ഫൗണ്ടൻ, കുട്ടികളുടെ പാർക്ക്, തൂക്ക് പാലം തുടങ്ങിയ വിവിധ പ്രദേശങ്ങൾ അടച്ച് പൂട്ടിയതിന് പുറമെ സമീപത്തെ അണക്കെട്ട് സന്ദർശിക്കുന്നതും നിരോധിച്ചു. കൊവിഡ് രണ്ടാം ഘട്ട വ്യാപനങ്ങളെ തുടർന്ന് തിങ്കളാഴ്ചയാണ് ഇക്കാ ടൂറിസം മേഖലയും മറ്റും താത്കാലികമായി അടച്ചത്. കൊവിഡ് ഒന്നാം ഘട്ടത്തിൽ കേരളത്തിന് പുറമെ പദ്ധതി പ്രദേശമടക്കമുള്ള സ്ഥലങ്ങളിലും മറ്റും രോഗം വ്യാപകമായത് കാരണം എട്ട് മാസത്തോളം വിനോദ സഞ്ചാര മേഖല അടച്ച് പൂട്ടിയിരുന്നു. തുടർന്ന് അഞ്ച് മാസം മുമ്പാണ് കൊവിഡ് നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി പ്രദേശമാകെ തുറന്ന് പ്രവർത്തനം ആരംഭിച്ചത്