balakrishna-pillai

കൊ​ല്ലം: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ തലയെടുപ്പോടെ നിലകൊണ്ട മുൻ​മ​ന്ത്രി​യും കേ​ര​ള കോൺ​ഗ്ര​സ് (ബി) ചെ​യർ​മാ​നു​മാ​യ കൊ​ട്ടാ​ര​ക്ക​ര കീ​ഴൂ​ട്ട് വീട്ടിൽ ആർ. ബാ​ല​കൃ​ഷ്​ണ​പി​ള്ള (86) അന്തരിച്ചു. മു​ന്നാ​ക്ക വി​ക​സ​ന കോർ​പ്പ​റേ​ഷൻ ചെ​യർ​മാ​നാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലാ​യി​രു​ന്നു അ​ന്ത്യം.

ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളെ തു​ടർ​ന്ന് ഏ​റെ​നാ​ളാ​യി ആ​ശു​പ​ത്രി​യി​ലും വീ​ട്ടി​ലു​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ്വാ​സ​കോ​ശം ചു​രു​ങ്ങി നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തോ​ടെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​ച വൈ​കി​ട്ട് വീ​ണ്ടും ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്​ച വെന്റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി. തു​ടർ​ന്ന് നി​ല അല്പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും ഇ​ന്ന​ലെ പു​ലർ​ച്ചെ 4.50 ഓ​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ലെ കീ​ഴൂ​ട്ട് വീ​ട്ടിലും എൻ.എ​സ്.എ​സ് പ​ത്ത​നാ​പു​രം താ​ലൂ​ക്ക് യൂ​ണി​യൻ ഓ​ഫീ​സിലും പൊ​തു​ദർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം വൈ​കി​ട്ട് 6 ന് വീ​ട്ടു​വ​ള​പ്പിൽ പൂർ​ണ ​ഔ​ദ്യോഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്​ക​രിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

1935 മാർ​ച്ച് 8ന് കൊ​ട്ടാ​ര​ക്ക​ര വാ​ള​ക​ത്ത് കീ​ഴൂ​ട്ട് വീ​ട്ടിൽ രാ​മൻ പി​ള്ള​യു​ടെ​യും കാർ​ത്ത്യാ​യ​നി അ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച ബാ​ല​കൃ​ഷ്​ണ​പി​ള്ള തി​രു​വി​താം​കൂർ വി​ദ്യാർ​ത്ഥി യൂ​ണി​യ​നി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. കോൺ​ഗ്ര​സിൽ യു​വ​നേ​താ​വാ​യി​രി​ക്കെ 1960 ൽ 25​-ാം വ​യ​സിൽ പ​ത്ത​നാ​പു​ര​ത്ത് നി​ന്ന് എം.എൽ.എ​യാ​യി. സി. അ​ച്യു​ത​മേ​നോ​ന്റെ​യും ഇ.കെ.നായനാരുടെയും കെ. ക​രു​ണാ​ക​ര​ന്റെ​യും എ.കെ. ആന്റ​ണി​യു​ടെ​യും മ​ന്ത്രി​സ​ഭ​ക​ളിൽ വൈദ്യുതി, ഗ​താ​ഗ​തം, എ​ക്‌​സൈ​സ് വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി. 1964 ൽ കേ​ര​ളാ കോൺ​ഗ്ര​സ് രൂ​പീ​ക​രി​ച്ച​പ്പോൾ കോൺ​ഗ്ര​സ് വി​ട്ട് കേ​ര​ളാ കോൺ​ഗ്ര​സ് ജ​ന​റൽ സെ​ക്ര​ട്ട​റി​യാ​യി. 1965ൽ കൊ​ട്ടാ​ര​ക്ക​ര​യിൽ നി​ന്ന് എം.എൽ.എ​യും 1971ൽ മാ​വേ​ലി​ക്ക​ര​യിൽ നി​ന്ന് എം.പി​യു​മാ​യി. 1977ൽ കേ​ര​ളാ കോൺ​ഗ്ര​സ് പി​ളർ​ന്ന് ബാ​ല​കൃ​ഷ്​ണ​പി​ള്ള ചെ​യർ​മാ​നാ​യി കേ​ര​ളാ കോൺ​ഗ്ര​സ് (ബി) സ്ഥാ​പി​ച്ചു. 1977 മു​തൽ 2006 വ​രെ 29 വർ​ഷം തു​ടർ​ച്ച​യാ​യി കൊ​ട്ടാ​ര​ക്ക​യു​ടെ എം.എൽ.എ ആ​യി. 1985 ൽ കെ. ക​രു​ണാ​ക​രൻ മ​ന്ത്രി​സ​ഭ​യിൽ വൈദ്യുതി മ​ന്ത്രി​യാ​യി​രി​ക്കെ പ​ഞ്ചാ​ബ് മോ​ഡൽ പ്ര​സം​ഗ​ത്തി​ന്റെ പേ​രിൽ രാ​ജി​വ​യ്‌​ക്കേ​ണ്ടിവ​ന്നു. 2006 ൽ കൊ​ട്ടാ​ര​ക്ക​ര​യിൽ മ​ത്സ​രി​ച്ച് പി. ഐ​ഷാ​പോ​റ്റി​യോ​ട് തോ​റ്റു. പി​ന്നീ​ട് നി​യ​മ​സ​ഭ​യി​ലേ​​ക്ക് മ​ത്സ​രി​ച്ചി​ട്ടി​ല്ല.

2011ൽ ഇ​ട​മ​ല​യാർ കേ​സിൽ സു​പ്രീം​കോ​ട​തി ശി​ക്ഷി​ക്കു​ക​യും ഇ​ള​വു​ക​ളോ​ടെ എ​ട്ടു​മാ​സം ജ​യിൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്​തു. ഏ​റ്റ​വും കു​ടു​തൽ ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റാ​യ റെ​ക്കാഡ് സ്വ​ന്ത​മാ​ക്കി​യ പി​ള്ള 1963 മു​തൽ തു​ടർ​ച്ച​യാ​യി 27വർ​ഷം ഇ​ട​മു​ള​യ്​ക്കൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റാ​യി​രു​ന്നു. ഇ​തി​നുശേ​ഷം 11 വർ​ഷം കൊ​ട്ടാ​ര​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സ്ഥാ​ന​വും വ​ഹി​ച്ചിരുന്നു. പ​രേ​ത​യാ​യ വ​ത്സ​ല​യാ​ണ് ഭാ​ര്യ. ച​ല​ച്ചി​ത്ര ന​ട​നും പ​ത്ത​നാ​പു​രം എം.എൽ.എ​യു​മാ​യ കെ.ബി. ഗ​ണേ​ശ് കു​മാർ, ഉ​ഷ മോ​ഹൻദാ​സ്, ബി​ന്ദു ബാ​ല​കൃ​ഷ്​ണൻ എ​ന്നി​വ​രാ​ണ് മ​ക്കൾ. മ​രു​മ​ക്കൾ: കെ. മോ​ഹൻ​ദാ​സ് (മുൻ കേ​ന്ദ്ര ഷി​പ്പിം​ഗ് സെ​ക്ര​ട്ട​റി), ബി​ന്ദു ഗ​ണേ​ശ് (ദു​ബാ​യ്), പി. ബാ​ല​കൃ​ഷ്​ണൻ (മുൻ അ​ഡിഷ​ണൽ ചീ​ഫ് സെ​ക്ര​ട്ട​റി).