c

ചാത്തന്നൂർ: കഴിഞ്ഞ 22 മുതൽ പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയവരുടെ പരിശോധനാ ഫലം ഇനിയും ലഭ്യമാവാത്തത് കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതരെ വലയ്ക്കുന്നു. ടെസ്റ്റ് നടത്തിയവർ കൊവിഡ് മാനദണ്ഡം പാലിച്ച് വീടുകളിൽത്തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. എട്ടു ദിവസമായിട്ടും പരിശോധനാഫലം ലഭ്യമാവാത്തതിനാൽ കൂലിപ്പണിക്കാർ ഉൾപ്പടെയുള്ളവർ ജോലിക്ക് പോകാനാകാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയാണ്. 22ന് മുമ്പ് പരിശോധന നടത്തി ഫലം വരുന്നത് വൈകിയതോടെ ജോലിക്കിറങ്ങിയ യുവാവിന് പിന്നീട് പോസിറ്റീവായതും ആശങ്ക ഉയർത്തുന്നുണ്ട്.

നടയ്ക്കൽ സ്വകാര്യ ബാങ്കിംഗ് പരിശീലന കേന്ദ്രത്തിൽ സജ്ജമാക്കിയ കൊവിഡ് ചികിത്സാകേന്ദ്രത്തിൽ താമസിപ്പിക്കുന്ന രോഗികൾക്ക് കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് അധികൃതർ ഭക്ഷണവും നൽകും. രോഗികൾക്ക് ആവശ്യമെങ്കിൽ അവരവരുടെ വീടുകളിൽ നിന്ന് ഭക്ഷണം എത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും. പുറത്തുനിന്നുള്ള ഭക്ഷണം പാരിപ്പള്ളി കമ്യൂണിറ്റി ഹാളിലെ കൗണ്ടറിലാണ് എത്തിക്കേണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അറിയിച്ചു. ഇന്ന് നടയ്ക്കലിലെ ചികിത്സാകേന്ദ്രം ശുചീകരിക്കും.

രോഗികളെ എത്തിക്കാൻ 10 വാഹനങ്ങൾകൂടി

പാരിപ്പള്ളി മുക്കടയിലെ കെട്ടിടത്തിൽ പഞ്ചായത്ത് ഏ‌പ്പെടുത്തിയ സംവിധാനങ്ങൾ കൊവിഡ് ചികിത്സയ്ക്ക് അനുവദിച്ച നടയ്ക്കലിലെ കേന്ദ്രത്തിലേക്ക് ഇന്നും നാളെയുമായി മാറ്റും. ചികിത്സാ കേന്ദ്രത്തിലേക്ക് രോഗികളെ എത്തിക്കാൻ 10 വാഹനങ്ങൾ കൂടി പഞ്ചായത്ത് കരാറടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ചെലവ് വഹിക്കുന്നത് ആരോഗ്യവകുപ്പാണ്. പി.പി.ഇ കിറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഈ വാഹനങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് സത്യപാലൻ, സെക്രട്ടറി ബിജു ശിവദാസൻ എന്നിവർ അറിയിച്ചു.