ഓടനാവട്ടം: ഗുരു ഭക്തർക്കായി പൂയപ്പള്ളിയിൽ ഒരു സ്വതന്ത്ര ഗുരു ക്ഷേത്രം വരുന്നു. മസ്കറ്റ് ആസ്ഥാനമായുള്ള എസ് .എൻ .ഡി .പി യൂണിയൻ പ്രസിഡന്റ് എൽ. രാജേന്ദ്രൻ ആണ് തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം ഗുരു ക്ഷേത്രം നാടിന് സമർപ്പിക്കുന്നത്. ഇന്ന് പകൽ 11.55നും 12.20നും ഇടയിൽ രാജേന്ദ്രന്റെ മകൻ നിധിൻരാജ്, ജ്യേഷ്ഠ സഹോദരൻ എൽ. മണി എന്നിവർ ചേർന്ന് തറക്കല്ലിടീൽ കർമ്മം നിർവഹിക്കും .മുഖ്യ തന്ത്രി അനന്ത പെരുമാൾ, തന്ത്രി മണി എന്നിവർ കാർമ്മികത്വം വഹിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ എസ്.എൻ.ഡി .പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി രാജേന്ദ്രൻ, പി. സുന്ദരൻ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, തിരുവനന്തപുരം ഡോ. പല്പു മെമ്മോറിയൽ ശാഖാ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, ട്രസ്റ്റ് ബോർഡ് മെമ്പർ വെളിയം ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ഗുരു ദർശനങ്ങൾ പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രാർത്ഥനയ്ക്കും ഈ ഗുരു ക്ഷേത്രം ജാതി മത വത്യാസങ്ങൾ ഇല്ലാതെ ഉപയോഗിക്കാമെന്ന് രാജേന്ദ്രൻ പറഞ്ഞു. വെണ്ണക്കല്ലിൽ തീർക്കുന്ന ഗുരു പ്രതിമയാണ് ഇവിടെ പ്രതിഷ്ഠിക്കുന്നതെന്നും എത്രയും വേഗം പണി പൂർത്തിയാക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു.