എഴുകോൺ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ അമ്പലത്തും കാല പോളി ടെക്‌നിക്കിൽ വച്ചു നടന്ന കൊവിഡ് ടെസ്റ്റിൽ 34 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ എഴുകോണിലെ കൊവിഡ് രോഗികളുടെ എണ്ണം 200ന് അടുത്തെത്തി. 139 പേരാണ് ടെസ്റ്റ് ക്യാമ്പിൽ പങ്കെടുത്തത്. നിലവിൽ 3,4,15 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ് 4 വാർഡിൽ വ്യാപനം രൂക്ഷമായതോടെ ക്രിട്ടിക്കൽ കണ്ടെെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ പറഞ്ഞു. രോഗ വ്യാപനം കൂടുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ജോലിക്ക് പോകുന്നവർ വ്യക്തമായ സത്യവാങ് മൂലവും തിരിച്ചറിയൽ രേഖകളും കൈയിൽ കരുതണം. സമ്പർക്ക പട്ടികയിൽ ഉള്ളവർ കർശനമായും ക്വാറന്റൈനിൽ കഴിയണമെന്നും പ്രസിഡന്റ് അറിയിച്ചു. കൊവിഡ് പരിശോധന ഫലം വൈകുന്നതിനെ തുടർന്ന് എഴുകോൺ കൃഷി ഭവൻ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ 24നാണ് കൃഷി ഭവനിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് 26ന് മറ്റ് ഉദ്യോഗസ്ഥർ കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഇതുവരെയും ഫലം ലഭിച്ചിട്ടില്ല.