vaccination

 രണ്ടാം ഡോസ് സ്പോട്ട് രജിസ്‌ട്രേഷൻ നാളെ മുതൽ

കൊല്ലം: കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവർക്കുള്ള സ്പോട്ട് രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. 45 വയസിന് മുകളിലുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന് വെള്ളിയാഴ്ചയാണ് സ്പോട്ട് രജിസ്ട്രേഷന് അനുമതി നൽകിയത്.

എന്നാൽ കഴിഞ്ഞ രണ്ടുദിവസവും സ്പോട്ട് രജിസ്ട്രേഷന് എത്തിയവർക്ക് സാധിച്ചില്ലെന്ന് മാത്രമല്ല വാക്സിനും ലഭിച്ചില്ല. നേരത്തെ വാസ്കിൻ രജിസ്റ്റർ ചെയ്ത് കേന്ദ്രങ്ങൾ അനുവദിച്ചുകിട്ടിയവർക്ക് മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടാം ഡോസ് വാക്സിൻ ലഭിച്ചത്.

വാക്സിൻ ക്ഷാമവും രജിസ്ട്രേഷനിലുള്ള കാലതാമസവും കാരണം സ്പോട്ട് രജിസ്‌ട്രേഷൻ കാര്യക്ഷമമാകില്ലെന്നാണ് വിലയിരുത്തൽ.

 വലയുന്നത് വയോജനങ്ങൾ

ആദ്യഡോസ് സ്വീകരിച്ചവരിലധികവും അറുപത് വയസിന് മുകളിലുള്ളവരായതിനാൽ രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ടുന്നതും വയോജനങ്ങളാണ്. രണ്ടാം ഡോസിനായി ഓൺലൈനിൽ പലതവണ ശ്രമിക്കുകയും വിതരണ കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്ട്രേഷനായി കാത്തുനിന്ന് തിരികെപോയവരും ഇത്തരക്കാരാണ്.

 കൈയിൽ കരുതണം

1. ആധാർ കാർഡ്

2. ആദ്യഡോസിനായി നൽകിയ മൊബൈൽ നമ്പർ

 ജില്ലയിലെ വാക്സിനേഷൻ

ജില്ലയിൽ ഇതുവരെ: 5,51,475 ഡോസ് ആദ്യഡോസ് സ്വീകരിച്ചവർ: 4,50,162 രണ്ട് ഡോസും സ്വീകരിച്ചവർ: 1,01,313

''

നാളെ മുതൽ രണ്ടാം ഡോസുകാർക്കുള്ള സ്പോട്ട് രജിസ്‌ട്രേഷൻ ആരംഭിക്കും. നിലവിൽ വാക്സിൻ കുറവാണ്. ഇന്ന് കൂടുതൽ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ. ആദ്യഡോസ് സ്വീകരിച്ച് 50 ദിവസം കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന നൽകും.

ആരോഗ്യവകുപ്പ്

''

വാക്സിൻ വിതരണത്തിന് കൃത്യമായ സംവിധാനം ഒരുക്കണം. വയോജനങ്ങളെ പൊരിവെയിലിൽ നിറുത്തി ബുദ്ധിമുട്ടിക്കരുത്.

വയോജനങ്ങൾ