തഴവ: ക്ഷേത്ര വക സ്ഥലം കൈയ്യേറുവാൻ പൊലീസ് ശ്രമം നടത്തിയതായി പരാതി.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് കുത്തകപ്പാട്ട അവകാശം നിലനിൽക്കുന്ന പൊലീസ് സ്റ്റേഷന് സമീപത്തുള്ള അൻപത് സെന്റോളം വരുന്ന ഭൂമിയാണ് പൊലീസ് കൈയ്യേറുവാൻ ശ്രമിച്ചത്.
വാഹന പാർക്കിംഗ് ആവശ്യത്തിന് വേണ്ടി വസ്തു വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഓച്ചിറ പൊലീസ് വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകിയെന്നാണ് ആരോപണം .എന്നാൽ പൊലീസ് നീക്കം മനസിലാക്കിയ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ.ശ്രീധരൻപിള്ള ,വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ ,ട്രഷറർ വിമൽ ഡാനി എന്നിവരുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി തഹസീൽ ദാർ ,അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകുകയായിരുന്നു.
ക്ഷേത്രം വക സ്ഥലം കൈയ്യേറുവാൻ പൊലീസ് നടത്തിയ നീക്കത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.