കൊല്ലം: സമയം ഇന്നലെ രാവിലെ 6.30. സ്ഥലം മാടൻനട ജംഗ്‌ഷൻ. മാസ്കും ഹെൽമെറ്റുമില്ലാതെ ദാ വരുന്നു രണ്ട് ഫ്രീക്കന്മാർ. ഇരവിപുരം സ്റ്റേഷനിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കിറങ്ങിയ പൊലീസുകാരൻ ചോദിച്ചു 'എവിടെ പോകുന്നു?', 'ഓ, ചുമ്മാ നിയന്ത്രണമൊക്കെ കാണാനിറങ്ങിയതാ.
തൊട്ടുപിന്നാലെ പൊലീസ് ജീപ്പുമെത്തി. കാര്യമറിഞ്ഞെത്തിയ ഏമാൻ സിനിമാസ്റ്റൈലിൽ പറഞ്ഞു. 'വാ, കയറിക്കോ, നമുക്ക് സ്റ്റേഷൻ വരെയൊന്ന് പോകാം, പോകുന്ന വഴി കാഴ്ചയും കാണാം'. 'സാറേ ഞങ്ങൾ വീട്ടിലേക്ക് മടങ്ങിക്കോളാം' യുവാക്കളിലൊരാൾ പറഞ്ഞു. 'വേണ്ട സാറേ... കൂടെ പോര്', ജീപ്പിൽ പിടിച്ചുകയറ്റി നേരെ സ്റ്റേഷനിലേക്ക്. ഇരുവർക്കും അഞ്ഞൂറ് രൂപ വീതം പിഴ ഈടാക്കി താക്കീത് നൽകി വിട്ടയച്ചു. പുറത്തേക്കിറങ്ങുമ്പോൾ പൊലീസുകാരിലൊരാൾ യുവാക്കളോട് പറഞ്ഞു, 'നാളെയും ഇറങ്ങണേ, എങ്കിലെ കാഴ്ചകൾ കാണാൻ സുഖമുണ്ടാകൂ'. ഒരക്ഷരം മിണ്ടാതെ ഇരുവരും സ്ഥലം വിട്ടു.
ഇതേ സ്റ്റേഷൻ പരിധിയിലെ മൈതാനത്ത് രാവിലെ 10 ഓടെ പതിനഞ്ചോളം യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നു. പൊലീസ് ജീപ്പ് കണ്ടതോടെ തലങ്ങും വിലങ്ങും ഓട്ടം. പിന്നാലെ എസ്.ഐയും പൊലീസുകാരും. ആറുപേരെ ഓടിച്ചിട്ട് പിടിച്ച് സ്റ്റേഷനിലെത്തിച്ചു. രക്ഷകർത്താക്കളെ വിളിച്ചുവരുത്തി എല്ലാവർക്കും കൂടി 5000 രൂപ പിഴയും അടപ്പിച്ചു.
കേസ് - കസ്റ്റഡിയിലായവർ - പിടിച്ചെടുത്ത വാഹനങ്ങൾ
കൊല്ലം സിറ്റി - 2141, 286, 4
കൊല്ലം റൂറൽ - 348, 40, 0