എഴുകോൺ : എഴുകോൺ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷൻ എഴുകോൺ ഇടയ്ക്കിടം പട്ടികജാതി കോളനി നിവാസികൾക്ക് കൊവിഡ് സൗജന്യ രജിസ്ട്രേഷൻ നടന്നു. നൂറിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന കോളനിയിൽ കഴിഞ്ഞ ദിവസം ബോധവത്ക്കരണ പരിപാടികളുമായെത്തിയ ജനമൈത്രി പൊലീസാണ് കോളനിയിലെ മുതിർന്നവർ പോലും വാക്സിനെടുത്തിട്ടില്ലെന്ന് മനസിലാക്കിയത്. രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യം ലഭ്യമായിരുന്നില്ല എന്നതായിരുന്നു കാരണം. തുടർന്ന് സുരേഷ്കുമാർ ഫൗണ്ടേഷനുമായി ചേർന്ന് കോളനിയിൽ പ്രത്യേക രജിസ്ട്രേഷൻ സൗകര്യമൊരുക്കുകയായിരുന്നു. സമീപവാസികളായ അൻപതോളം പേരും ക്യാമ്പ് സൗകര്യം പ്രയോജനപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. എഴുകോൺ എസ്.ഐ.രാഗേഷ് കുമാർ, ജനമൈത്രി സി.ആർ.ഒ. സജി, എ.എസ്.ഐ നജീം, സിവിൽ പൊലീസ് ഓഫീസർ ബിജു, ഫൗണ്ടേഷൻ ഭാരവാഹികളായ എ.സുനിൽകുമാർ, എസ്.ശൈലേന്ദ്രൻ ,എ.സുബ കുമാർ, അശ്വിൻ തുടങ്ങിയവർ നേതൃത്വം നൽകി. വാക്സിൻ രജിസ്ട്രേഷന് സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്ന പട്ടികജാതി സങ്കേതങ്ങളിലെ ദുർബല ജനവിഭാഗങ്ങൾക്ക് സമാന രീതിയിൽ സഹായമെത്തിക്കാനാണ് എഴുകോൺ ജനമൈത്രി പൊലീസിന്റെ തീരുമാനം.