വാരാന്ത്യ നിയന്ത്രണത്തിൽ കടകമ്പോളങ്ങൾ തുറന്നില്ല
കൊല്ലം: കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായതോടെ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളിൽ നഗരം നിശ്ചലമായി. ഹർത്താലിന്റെ പ്രതീതിയിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ചുരുക്കം ചില ഹോട്ടലുകളിൽ പാഴ്‌സൽ സംവിധാനം മാത്രമാണുണ്ടായിരുന്നത്. നഗരകേന്ദ്രത്തിലെ ഹോട്ടലുകളൊന്നും പ്രവർത്തിച്ചില്ല. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ചുള്ള കടകൾ മാത്രമാണ് ഭാഗികമായി പ്രവർത്തിച്ചത്. മെഡിക്കൽ സ്റ്റോറുകൾ തുറന്നുപ്രവർത്തിച്ചു.
ജില്ലയിലെ വിവിധ ആശുപത്രികളിലും കാര്യമായ സന്ദർശകരുണ്ടായിരുന്നില്ല. ആംബുലൻസ് സർവീസുകൾ സ്റ്റാൻഡുകളിൽ സജീവമായിരുന്നെങ്കിലും ഓട്ടം തീരെ കുറവായിരുന്നു.
യാത്രക്കാർ കുറവ്
നഗരത്തിൽ ചില സ്വകാര്യബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഉച്ചയോടെ സ്വകാര്യബസുകൾ സർവീസുകൾ പൂർണമായും നിറുത്തി. കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ റദ്ദാക്കി. ദീർഘദൂര സർവീസുകൾ മിക്കതും ഓടിയെങ്കിലും ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കുറവായിരുന്നു. ഓട്ടോ, ടാക്സി സർവീസുകൾ പൂർണമായി നിലച്ചു. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളും ടൂറിസം ബോട്ടുകളും സർവീസ് നടത്തിയില്ല. രാവിലെ നിരത്തുകളിൽ ചെറിയതോതിൽ സ്വകാര്യ വാഹനങ്ങളുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം പൂർണമായും ഇവ കളംവിട്ടു.
ഇന്നും കർശന പരിശോധന
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ ഇന്ന് പരിശോധന കർശനമാക്കും. കാരണമില്ലാതെയെത്തുന്നവരുടെ വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കറങ്ങാനിറങ്ങിയവരെ മടക്കി അയച്ചു
ഓരോ സ്റ്റേഷൻ പരിധിയിലും പ്രധാന ജംഗ്‌ഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെടുത്തിയായിരുന്നു പരിശോധന. അവശ്യസേവനങ്ങൾ ഒഴികെ കാരണം ബോദ്ധ്യപെടുത്തിയവരെ മാത്രമാണ് കടത്തിവിട്ടത്. കൃത്യമായ കാരണമില്ലാതെ കറങ്ങാനിറങ്ങിയവരെ മടക്കി അയച്ചു. ദേശീയപാത, ബൈപ്പാസ്, ഇടറോഡുകൾ എന്നിവ കേന്ദ്രീകരിച്ചും പൊലീസ് പരിശോധനയുണ്ടായിരുന്നു.