v

ചാത്തന്നൂർ: പാരിപ്പള്ളി പൊലീസ് സ്റ്റേഷനു സമീപം ദേശീയപാതയോരത്തെ കല്ലുവാതുക്കൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നാളെ മുതൽ കൊവിഡ് രോഗികൾക്കുള്ള സംഭാവനകൾ സ്വീകരിക്കുന്ന പൊതുസംഭരണശാലയായി പ്രവർത്തിക്കും. പഞ്ചായത്തിന്റെ ചികിത്സാകേന്ദ്രങ്ങളിലുള്ള രോഗികൾക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആവശ്യമായ വസ്തുക്കൾ പൊതുജനങ്ങൾക്ക് ഇവിടെ നൽകാം. അരി, ഗോതമ്പ്, ധാന്യപ്പൊടികൾ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, സോപ്പ്, എണ്ണ, കുടിവെള്ളം, കരിക്ക്, തേങ്ങ, പഴങ്ങൾ, മാസ്കുകൾ, സാനിറ്റൈസർ, മരുന്നുകൾ, ഫ്ലാസ്കുകൾ, ബഡ്ഷീറ്റുകൾ, ടവ്വലുകൾ, തോർത്തുകൾ മുതലായവ ആവശ്യമുണ്ടെന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, സെക്രട്ടറി ബിജു ശിവദാസൻ എന്നിവർ അറിയിച്ചു. ഹരിതക‌ർമ്മ സേനയാണ് പൊതുസംഭരണശാലയുടെ ചുമതല വഹിക്കുന്നത്.