ശാസ്താംകോട്ട: മേയ് 1ന് സ്വച്ഛ് കേരള ശുചീകരണ യജ്ഞം സംഘടിപ്പിച്ച് സേവാഭാരതി പ്രവർത്തകർ. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച യജ്ഞത്തിന്റെ ഭാഗമായി സേവാഭാരതി ശാസ്താംകോട്ട പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണം നടത്തി. കുന്നത്തൂർ താലൂക്ക് ഓഫീസ്, കോടതി, പൊലീസ് സ്റ്റേഷൻ, ഹോമിയോ ആശുപത്രി, അങ്കണവാടികൾ എന്നിവയുടെ പരിസര പ്രദേശങ്ങളും കാട് കയറിക്കിടന്ന റോഡിന്റെ വശങ്ങളും ശുചീകരിച്ചു. ഓഫീസുകൾക്കുള്ളിൽ അണു നശീകരണവും നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ആർ.എസ്.എസ് വിഭാഗ് സദസ്യൻ ആർ.സുജിത്ത്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ആർ.രാജേന്ദ്രൻപിള്ള, സേവാഭാരതി പഞ്ചായത്ത് രക്ഷാധികാരി സത്യപാലൻ നായർ, പ്രസിഡന്റ് എസ്. പ്രശാന്ത്കുമാർ, ജനറൽ സെക്രട്ടറി വി. ജിനേഷ്,ആൽഫ ജയിംസ്, മൂന്നാം വാർഡ് മെമ്പർ ആർ. ശ്രീനാഥ്, കെ.വിമൽ കുമാർ, ബിനു.എം.പിള്ള, സി.എസ്. കിരൺ, മണികണ്ഠൻ, എം. കിഷോർ, രതീഷ് പള്ളിശ്ശേരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.