kgmoa

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സയ്ക്ക് മുൻ‌തൂക്കം നൽകി അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കെ.ജി.എം.ഒ.എ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചു. വാക്സിനേഷൻ ശരിയായ രീതിയിൽ നടത്താനുള്ള സാവകാശം ആരോഗ്യവകുപ്പിന് ലഭിച്ചില്ലെന്നും കെ.ജി.എം.ഒ.എ ജില്ലാ ജനറൽബോഡി വിലയിരുത്തി. ഈ മാസം പകുതിയോടെ ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണം 3000 ത്തിന് മുകളിലാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മതിയായ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തണമെന്നും ജനറൽ ബോഡി ആവശ്യപ്പെട്ടു. ജനറൽ ബോഡിയിലുയർന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയതെന്ന് ജില്ലാ പ്രസിഡന്റ് ഡോ. എൻ.ആർ. റീന, സെക്രട്ടറി ഡോ. റോഹൻ രാജ്, ട്രഷറർ ആർ. രജനി എന്നിവർ അറിയിച്ചു.

 മറ്റ് പ്രധാന നിർദ്ദേശങ്ങൾ

1. ഗൃഹചികിത്സയിലോ നിരീക്ഷണത്തിലോ ഉള്ള രോഗികളുടെ കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡം നടപ്പാക്കണം
2. ഗൃഹനിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് പഞ്ചായത്ത് തല ഡോമിസിലിയറി കെയർ സെന്ററുകൾ (ഡി.സി.സി) ആരംഭിക്കണം
3. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ കിടക്കകളുടെ ലഭ്യത മെഡിക്കൽ ഓഫീസർമാർക്ക് കൃത്യമാക്കുന്നതിന് കൺട്രോൾ റൂം ആരംഭിക്കണം
4. കൊവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ ബി, സി കാറ്റഗറിയിലുള്ളവർക്കായി മാറ്റിവയ്ക്കണം
5. ഓക്സിജന്റെ അളവ് കുറഞ്ഞ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണം
6. എഴുകോൺ ഇ.എസ്.ഐ സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രമാക്കാൻ നടപടി സ്വീകരിക്കണം
7. നിലവിലുള്ള ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കണം
8. ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണത്തേക്കാൾ കിടക്കകളുടെ എണ്ണം കൂട്ടുന്നതിന് മുൻഗണന നൽകണം