ശാസ്താംകോട്ട: കുന്നത്തൂർ നിയോജക. മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി . കുന്നത്തൂർ നിയോജക മണ്ഡലത്തിൽ പത്ത് പഞ്ചായത്തുകളിലുമായി 311 ബൂത്തുകളാണുള്ളത്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രവും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്.

ആദ്യം പോസ്റ്റൽ വോട്ട്

രാവിലെ 8 മുതൽ തന്നെ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്.ഏകദേശം ആറായിരത്തോളം പോസ്റ്റൽ ബാലറ്റുകളാണ് കുന്നത്തൂർ നിയോജക മണ്ഡലത്തിലുള്ളത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് അഞ്ചു ടേബിളുകളുമാണ് ഒരുക്കിയിരിക്കുന്നത്. 8.30 മുതലാണ് ഇ.വി.എം എണ്ണിത്തുടങ്ങുക പതിനഞ്ച് റൗണ്ടുകളിലായിട്ട് 21 ടേബിളുകളിലാണ് ഇ.വി.എം എണ്ണുന്നത്. ഒമ്പത് മണിയോട് കൂടി ആദ്യ ഫലസൂചനകൾ പുറത്ത് വരും.

കൊവിഡ് പരിശോധിച്ചവർക്ക് പ്രവേശനം

ഇരുനൂറ്റി അമ്പതോളം ജീവനക്കാരാണ് വോട്ടെണ്ണൽ ജോലിക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിക്കുന്ന കൗണ്ടിംഗ് സ്റ്റാഫിനും കൗണ്ടിംഗ് ഏജന്റുമാർക്കും മാദ്ധ്യമ പ്രവർത്തകർക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്നലെ കൊവിഡ് ആന്റിജൻ പരിശോധന നടത്തിയ റിപ്പോർട്ടുള്ളവരെയും കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു

311 ബൂത്തുകൾ

6000ത്തോളം പോസ്റ്റൽ വോട്ട്

ആദ്യഫലസൂചന 9 മണിക്ക്

വോട്ടെണ്ണാൻ 250 ജീവനക്കാർ