30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
കൊല്ലം: നീണ്ടകര, കൊച്ചുതുരുത്ത് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ ഒരാൾ കൊല്ലം എക്‌സൈസിന്റെ പിടിയിലായി. കൂട്ടാളിയായ മറ്റൊരാൾ ഒാടി രക്ഷപ്പെട്ടു. കൊച്ചുതുരുത്ത് പൂമംഗലം വീട്ടിൽ പോളാണ് (45) പിടിയിലായത്. കൂട്ടാളിയായ സാബുനിവാസിൽ സാബുവിനെതിരെയും(46 - ക്ളീറ്റസ്) കേസെടുത്തു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ ഐ. നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ ഡ്രസിൽ സ്വകാര്യ വള്ളങ്ങളിൽ തുരുത്തിലെത്തിയാണ് പ്രതിയെ പിടികൂടിയത്. സ്ഥലത്ത് നിന്ന് 30 ലിറ്റർ കോടയും 200 ലിറ്റർ ചാരായം വാറ്റാനായി പാകപ്പെടുത്തിയ വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
വാറ്റിയെടുത്ത ചാരായം ലിറ്ററിന് 3000 രൂപയ്ക്കാണ് വിറ്റിരുന്നത്. വള്ളങ്ങളിൽ സഞ്ചരിച്ച് മറ്റുള്ളയിടങ്ങളിൽ എത്തിക്കുന്നതായിരുന്നു രീതിയെന്നും എക്സൈസ് പറഞ്ഞു. എക്സൈസ് സി.ഐ നൗഷാദിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ മനോജ് ലാൽ, ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, പ്രസാദ്, നിതിൻ ഗോപകുമാർ, രാജ് മോഹൻ, ജൂലിയസ് ക്രൂസ്, വനിതാ എക്സൈസ് ഓഫീസർ നിഷമോൾ, ഡ്രൈവർ നിതിൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.