പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശം. മര ശിഖങ്ങളും മറ്റും ഒടിഞ്ഞ് വീണ് അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിന് പുറമേ മരങ്ങൾ ഒടിഞ്ഞ് വീണ് ദേശീയ പാതയടക്കം പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെടുകയും വൈദ്യുതി തടസപ്പെടുകയും ചെയ്തു. തെന്മല പഞ്ചായത്തിലെ ചാലിയക്കര ഉപ്പുകുഴി സ്വദേശികളായ വസന്ത രഘു,സുര,ഗിരിജ ,ഇടമൺ വെളളിമല റോഡ് പുറമ്പോക്കിൽ താമസക്കാരനായ സെയ്ദാലി തുടങ്ങിയവരുടെ വീടുകൾക്ക് മുകളിലാണ് മര ശിഖരങ്ങൾ ഒടിഞ്ഞ് വീണ് മേൽക്കൂര തകർന്നത്.പുനലൂർ പേപ്പർമിൽ മൂന്നാം ഗേറ്റിന് സമീപത്ത് നിന്ന കൂറ്റൻ ആഞ്ഞിലി മരം ഒടിഞ്ഞ് വീണ് പേർപ്പർ മിൽ-കാര്യറ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആവണീശ്വരത്ത് നിന്നെത്തിയ ഫയർഫോഴ്സാണ് മരം മുറിച്ച് നീക്കിയത്. കുതിരച്ചിറ-മുളന്തടം റോഡിൽ പ്ലാവ് ഒടിഞ്ഞ് വീണ് ഗതാഗാതം മുടങ്ങിയത് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് മുറിച്ച് നീക്കി.കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ വെള്ളിമലയിൽ ഒടിഞ്ഞ് വീണ മരച്ചില്ല പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് നീക്കം ചെയ്തു. പുനലൂർ പൊലീസ് സ്റ്റേഷനോട് ചേർന്ന ഗവ.എൽ.പി.സ്കൂളിന് സമീപത്ത് നിന്ന അക്കേഷ്യമരം പിഴുത് മതിലിൽ തങ്ങി നിൽക്കുകയാണ്. ഇടമൺ,ഉപ്പുകുഴി, തുടങ്ങി നിരവധി സ്ഥലങ്ങളിൽ മര ശിഖിരങ്ങൾ ഒടിഞ്ഞ് ഇലക്ട്രിക് ലൈനുകളിൽ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.പുനലൂർ- അഞ്ചൽ,ചാലിയക്കര-മാമ്പഴത്തറ തുടങ്ങിയ റൂട്ടുകളിലും മര ശിഖരങ്ങൾ ഒടിഞ്ഞ് വീണ് വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്.