ഓച്ചിറ: അഴീക്കൽ ഹാർബറിന്റെ പ്രവർത്തനം താത്ക്കാലികമായി നിറുത്താനുള്ള കളക്ടറുടെ ഉത്തരവിൽ അലപ്പാട് പഞ്ചായത്തിൽ വ്യാപക പ്രതിഷേധം. എട്ടാം തീയതി വരെയാണ് ഹാർബറിന്റെ പ്രവർത്തനം തടഞ്ഞിരിക്കുന്നത്. ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് ഹാർബർ അടച്ചിടാൻ തീരുമാനിച്ചതെന്ന് ഉത്തരവിൽ പറയുന്നത് തെറ്റാണെന്നും ഈ പറയുന്ന ദിവസങ്ങളിൽ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നടന്നിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. വരുന്ന ദിവസങ്ങളിൽ ഹാർബറിൽ ഒറ്റ അക്കം, ഇരട്ട അക്കം എന്ന രീതിയിൽ മത്സ്യ ബന്ധന യാനങ്ങൾ പോയാൽ മതി എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു. ഹാർബർ സ്ഥിതിചെയ്യുന്ന ആലപ്പാട് പഞ്ചായത്ത് ഒന്നാം വാർഡിൽ കൊവിഡ് കേസ് വളരെ കുറവായിട്ട് കൂടി മൽസ്യ ബന്ധനം മാത്രം വരുമാന മാർഗം ഉള്ള ഒരു ജനതയെ മുൻ വർഷത്തിൽ ചെയ്തതുപോലെ പട്ടിണിക്കിടാൻ ശ്രമിച്ചാൽ എതിർക്കും. ഹാർബറിൽ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും തൊഴിലാളികളെ പ്രവേശിപ്പിക്കേണ്ടതാണ്. ഹാർബർ അടച്ചിടേണ്ടി വന്നാൽ സാധാരണ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പട്ടിണിയിലാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഒരു പറഞ്ഞു.മറ്റ് വ്യാപരസ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താതെ ഹാർബർ അടച്ചിടുന്നതിനെ എതിർക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.