gs

ചാത്തന്നൂർ: തുടർച്ചയായി നാലാംതവണയും ചുവപ്പണിഞ്ഞ ചാത്തന്നൂരിൽ മൂന്നാമങ്കത്തിലും വിജയക്കൊടി പാറിച്ച് സി.പി.ഐ സ്ഥാനാർത്ഥി ജി.എസ്. ജയലാൽ. ദേശീയ നേതാക്കളടക്കം ഉറ്റുനോക്കിയ മണ്ഡലത്തിൽ 17,206 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയലാലിന്റെ വിജയം.

59,296 വോട്ടുകളാണ് ജയലാലിന് ഇത്തവണ ലഭിച്ചത്. 42,090 വോട്ടുകളോടെ ബി.ജെ.പി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ ഇക്കുറിയും രണ്ടാമതെത്തി. യു.ഡി.എഫിലെ എൻ. പീതാംബരക്കുറുപ്പ് 34,280 വോട്ടുകളും നേടി.

ഭൂരിപക്ഷം പകുതിയോളം ഇടിഞ്ഞു

2016ൽ 67,606 വോട്ടുകൾ നേടിയായിരുന്നു ജി.എസ്. ജയലാലിന്റെ വിജയം. ബി.ജെ.പി 33,199 വോട്ടും യു.ഡി.എഫിലെ ശൂരനാട് രാജശേഖരൻ 30,139 വോട്ടും നേടിയ തിരഞ്ഞെടുപ്പിൽ ജയലാലിന്റെ ഭൂരിപക്ഷം 34,407 വോട്ടുകൾ.

കഴിഞ്ഞ തവണത്തേതിനെക്കാൾ ജയലാലിന്റെ ഭൂരിപക്ഷത്തിൽ ഇത്തവണ 16,952 വോട്ടുകളുടെ കുറവുണ്ട്. അതേസമയം, ബി.ജെ.പിക്ക് 8,640 വോട്ടുകളും യു.ഡി.എഫിന് 4,298 വോട്ടുകളും വർദ്ധിച്ചിട്ടുണ്ട്. 2011ൽ ബിന്ദുകൃഷ്ണയ്ക്കെതിരെയുള്ള കന്നിയങ്കത്തിൽ 12,589 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു ജയലാലിന്റെ വിജയം.