photo
വോട്ടെണ്ണൽ കേന്ദ്രത്തിൽ സുരക്ഷാ സംവിധാനങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ

കരുനാഗപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി, ചവറ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഏർപ്പെടുത്തിയത് കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങൾ. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള പൊലീസിന്റെ പഴുതടച്ചുള്ള സുരക്ഷാ സംവിധാനം മൂലം വിവിധ പാർട്ടി പ്രവർത്തകർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ അടുത്തേക്കുപോലും എത്താൻ കഴിഞ്ഞില്ല. കരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൾ ചവറ അസംബ്ളി മണ്ഡലത്തിലെയും ലോർഡ്സ് പബ്ലിക് സ്കൂൾ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളായിരുന്നു.

വോട്ടെണ്ണൽ ശാന്തമായ അന്തരീക്ഷത്തിൽ

ദേശീയപാതയിലും കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലും ബാരിക്കേഡുകൾ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. കൗണ്ടിംഗ് ഏജന്റുമാരെയും ഉദ്യോഗസ്ഥരെയും മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്ക് ശേഷം കടത്തിവിട്ടത്. വോട്ടെണ്ണൽ കേന്ദ്രത്തിന് 100 മീറ്റർ അകലെ മാറി പൊലീസ് നിലയുറപ്പിച്ചു. ഇതുവഴി വന്ന വാഹനങ്ങളെ കർശനമായ പരിശോധനയ്ക്ക് ശേഷമേ കടത്തിവിട്ടുള്ളൂ. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദപ്രകടനങ്ങളോ റാലികളോ നടത്താൻ പൊലീസ് അനുവദിച്ചില്ല. ശാന്തമായ അന്തരീക്ഷത്തിലാണ് നടന്നത്. ഗ്രാമ പ്രദേശങ്ങളിലും പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.