bs

കൊല്ലം: കൊട്ടാരക്കരയിൽ നിന്ന് വിജയിച്ച ഇടതുമുന്നണി സ്ഥാനാർത്ഥിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ.എൻ. ബാലഗോപാലും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ അസി. സെക്രട്ടറിയുമായ പി.എസ്. സുപാലും ജില്ലയിൽ നിന്ന് മന്ത്രിമാരാകാൻ സാദ്ധ്യത.

ബാലഗോപാൽ നേരത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നിട്ടുണ്ട്. എം.എൽ.എയാകുന്നത് ആദ്യമായിട്ടാണെങ്കിലും പരിചയസമ്പത്ത് ബാലഗോപാലിന് ഗുണകരമായേക്കും. പല കാലഘട്ടങ്ങളിലായി മൂന്നാംതവണയാണ് പി.എസ്. സുപാൽ എം.എൽ.എയാകുന്നത്. പുനലൂരിൽ നിന്ന് വിജയിച്ച കെ. രാജുവായിരുന്നു കഴിഞ്ഞ തവണ കൊല്ലത്തുനിന്ന് സി.പി.ഐയുടെ മന്ത്രി. അതേ മണ്ഡലത്തിൽ നിന്നാണ് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ പി.എസ്. സുപാൽ തിരഞ്ഞെടുക്കപ്പെട്ടത്. ജെ. ചിഞ്ചുറാണിയും ജി.എസ്. ജയലാലുമാണ് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റ് സി.പി.ഐ എം.എൽ.എമാർ.