ldf
പുനലൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച പി.എസ്.സുപാലിനെ മന്ത്രി കെ.രാജുവും, കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനനും പുനലൂരിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ അനുമോദിക്കാൻ എത്തിയപ്പോൾ.

പുനലൂർ: കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം സർക്കാർ നടപ്പിലാക്കിയ വികസന,ക്ഷേമ പ്രവർത്തനങ്ങളാണ് തന്റെ വിജയത്തിന്റെ മുഖ്യകാരണമെന്ന് പി.എസ്.സുപാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ടെലിവിഷനിലൂടെ അറിയാൻ പുനലൂരിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയ സുപാൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കത്തിൽ തന്നെ വിജയിക്കുമെന്ന് തനിക്ക് നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു.ഒരു ഘട്ടത്തിലും ഒരു ആശങ്കയും തനിക്ക് ഉണ്ടായില്ല.ജനങ്ങൾ നല്ല പിന്തുണയാണ് നൽകിയത്.വലിയ ഒരു ജനവിഭാഗത്തിന്റെ അദ്ധ്വാനത്തിന്റെ ഫലമായാണ് താൻ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. പുനലൂരിലെ പൊതു പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങളുടെ എല്ലാ വിഷയങ്ങളിലും ഇടപെട്ടിരുന്നത് കാരണം അവരുടെ വലിയ പിന്തുണയും തിരഞ്ഞെടുപ്പിൽ ലഭിച്ചു.ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് മണ്ഡലത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും നടത്തും. ബി.ജെ.പിയും യു.ഡി.എഫും നെഗറ്റീവ് രാഷ്ട്രീയമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിൽ നടത്തിയത്. വികസന ക്ഷേമ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിന് പകരം അതിന് വ്യത്യസ്ഥമായ നിലപാടായിരുന്നു അവർ സ്വീകരിച്ചത്.വളരെ പ്രതിസന്ധിഘട്ടങ്ങളായ പ്രളയവും കൊവിഡ് വ്യാപനവും ഉണ്ടായപ്പോൾ സർക്കാരിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം നിരുത്സാഹപ്പെടുത്തുന്ന നിലപാട് അവർ സ്വീകരിച്ചത്.അത് മനസിലാക്കിയ ജനങ്ങൾ അവരെ തള്ളി കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി കെ.രാജു, കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ഇടത് മുന്നണി നേതാക്കളായ എം.സലീം, കെ..ബാബുപണിക്കർ, എസ്.ബിജു, സി.അജയപ്രസാദ്, എസ്.രാജേന്ദ്രൻ നായർ, ജോബോയ് പേരെര, കെ.രാധാകൃഷ്ണൻ, വി.പി.ഉണ്ണികൃഷ്ണൻ, എം.എ.രാജഗോപാൽ തുടങ്ങിയ നിരവധി നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തിയിരുന്നു. വിജയിച്ച സുപാലിന് പ്രവർത്തകർ സ്വീകരണവും നൽകി.