mercy

കൊല്ലം: കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ കനത്ത തോൽവിക്ക് പിന്നിൽ സാമുദായിക സമവാക്യമോ അതോ ആഴക്കടൽ വിവാദമോയെന്ന ചർച്ച മുറുകുന്നു. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം ഉയർത്തിയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

എന്നാൽ മറ്റിടങ്ങളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടായില്ലെന്ന് മാത്രമല്ല തീരമേഖല ഉൾപ്പെടുന്ന കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വിജയിക്കുകയും ചെയ്‌തു. കരാറിലേർപ്പെട്ട ഇ.എം.സി.സി കമ്പനി ഡയറക്ടർ മേഴ്സിക്കുട്ടിഅമ്മയ്‌ക്കെതിരെ മത്സരിച്ചെങ്കിലും കൃത്യമായ സ്വാധീനം ചെലുത്താനും കഴിഞ്ഞില്ല.

ആഴക്കടൽ വിവാദത്തിനപ്പുറം ജാതീയ സമവാക്യങ്ങളാണ് വിധി നിർണയിച്ചതെന്ന വാദമാണ് ശക്തമാകുന്നത്. യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ടുനില മെച്ചപ്പെടുത്തി. 27,754 വോട്ടുകളുടെ വർദ്ധനവാണ് ഇത്തവണയുണ്ടായത്. ഇതേസമയം എൻ.ഡി.എയ്ക്ക് 14,160 വോട്ടുകൾ കുറയുകയും ചെയ്തു. ബി.ഡി.ജെ.എസിന്റെ വനജ വിദ്യാധരനാണ് എൻ.ഡി.എയ്ക്ക് വേണ്ടി മത്സരിച്ചത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വിഷ്ണുനാഥിനെ അനുകൂലിക്കുന്ന സാമുദായം യോഗം ചേരുകയും യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

വൈകിയാണ് കുണ്ടറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.സി. വിഷ്ണുനാഥ് പ്രചാരണത്തിനിറങ്ങിയതെങ്കിലും പ്രവർത്തനം ശക്തമായിരുന്നു. ഇതേ സാമുദായിക കേന്ദ്രങ്ങളിൽ നിന്ന് വിഷ്ണുനാഥിന് വേണ്ടി അണിയറയിൽ കൃത്യമായ നീക്കങ്ങളും നടത്തിയിരുന്നു. അതിനാലാണ് കഴിഞ്ഞ തവണ 30,000ന് മുകളിൽ നേടിയ മേഴ്സിക്കുട്ടിഅമ്മയുടെ ഭൂരിപക്ഷം തകർത്ത് പി.സി.വിഷ്ണുനാഥിന് 4,454 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനായത്. 2001ന് ശേഷം ആദ്യമായാണ് കുണ്ടറയിൽ യു.ഡി.എഫ് വിജയിക്കുന്നത്.

 സ്ഥാനാർത്ഥിയും വോട്ടുനിലയും

പി.സി. വിഷ്ണുനാഥ് (യു.ഡി.എഫ്) - 76,341
ജെ. മേഴ്സിക്കുട്ടിഅമ്മ (എൽ.ഡി.എഫ്) - 71,887
വനജ വിദ്യാധരൻ (എൻ.ഡി.എ) - 6,​097

 2016 ലെ വോട്ടുനില

എൽ.ഡി.എഫ് - 79,047
യു.ഡി.എഫ് - 48,587
എൻ.ഡി.എ - 20,257