കൊല്ലം : സംസ്ഥാനത്ത് അലയടിച്ച ഇടതുതരംഗത്തിലും കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം എൽ.ഡി.എഫിനെ കൈവിട്ടു. 29096 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് സിറ്റിംഗ് എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ആർ. രാമചന്ദ്രനെ അട്ടിമറിച്ചത്. മൊത്തം പോൾ ചെയ്ത 172740 വോട്ടിൽ സി.ആർ. മഹേഷിന് 93932 വോട്ടുകളും ആർ. രാമചന്ദ്രന് 64836 വോട്ടുകളുമാണ് ലഭിച്ചത്. ബി.ജെ.പി 12008 വോട്ടുകൾ നേടി മൂന്നാമതെത്തി.
എക്കാലവും എൽ.ഡി.എഫിനെ പിന്തുണച്ചിട്ടുള്ള മണ്ഡലമായിരുന്നു കരുനാഗപ്പള്ളി. കരുനാഗപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. ആദ്യം എസ്.ആർ.പി സ്ഥാനാർത്ഥി ടി.വി. വിജയരാജനും പിന്നീട് ജെ.എസ്.എസ് സ്ഥാനാർത്ഥി അഡ്വ. എ.എൻ. രാജൻബാബുവും.
യു.ഡി.എഫ് നടത്തിയത് ശക്തമായ മുന്നേറ്റം
എൽ.ഡി.എഫിന് നല്ല വേരോട്ടമുള്ള കരുനാഗപ്പള്ളിയിൽ ഇക്കുറി യു.ഡി.എഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഇന്നലെ രാവിലെ 7.30ന് കൗണ്ടിംഗ് ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്തു. 8 മണിക്ക് പോസ്റ്റൽ ബാലറ്റ് എണ്ണാൻ ആരംഭിച്ചു. 8.30ഒാടെ ഇ.വി.എം മെഷീനുകൾ കൗണ്ടിംഗ് ടേബിളുകളിലെത്തി. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷായിരുന്നു മുന്നിൽ. തുടർന്ന് ഓരോ പഞ്ചായത്തുകളിലെ വോട്ടെണ്ണുമ്പോഴും യു.ഡി.എഫിന്റെ ഭൂരിപക്ഷം വർദ്ധിക്കുകയായിരുന്നു. ഒരു ഗ്രാമ പഞ്ചായത്തിലും കരുനാഗപ്പള്ളി നഗരസഭയിലും എൽ.ഡി.എഫിന് ഭൂരിപക്ഷം നിലനിറുത്താൻ കഴിഞ്ഞില്ല.