കൊട്ടാരക്കര: കൊട്ടാരക്കരയിലെ വിജയം ഈ നാട്ടിലെ ജനങ്ങൾക്കൊപ്പം ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് കെ.എൻ.ബാലഗോപാൽ. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു തുടർ ഭരണം അത്യപൂർവമാണ്. അത്രയേറെ ജനപക്ഷത്തുനിന്നാണ് സർക്കാർ പ്രവർത്തിച്ചത്. എം.എൽ.എ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടുകയും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പരമാവധി സഹായം എത്തിയ്ക്കാനാണ് ആദ്യ ശ്രമം. ബി.ജെ.പിയുടെ വോട്ടുകൾ പരിശോധിക്കേണ്ടതുണ്ട്. പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ വോട്ടുകൾ താരതമ്യം ചെയ്യും. കൊട്ടാരക്കരയിൽ ഐഷാപോറ്റിയുടെ മെച്ചപ്പെട്ട പ്രവർത്തനവും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഇടത് സർക്കാരിന്റെ പ്രവർത്തനവുമൊക്കെ ഈ തിരഞ്ഞെടുപ്പ് വിജയത്തിന് ഗുണകരമായി. ഇനി എപ്പോഴും ഈ നാടിന്റെ ക്ഷേമവികസനത്തിനായി ഉണ്ടാകും. ഇവിടെ താമസിച്ച് പ്രവർത്തിക്കുകയാണ്. അത് ഇനി തുടരുകയാണ്. കൊട്ടാരക്കരക്കാരനായി എന്നും ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയാണ്.ബാലഗോപാൽ പറഞ്ഞു.

കൊട്ടാരക്കരയുടെ വികസനം യാഥാർത്ഥ്യമാകും

കൊട്ടാരക്കരയുടെ വികസന പ്രതീക്ഷകൾ യാഥാർത്ഥ്യമാക്കാൻ പ്രാപ്തനായ ആളാണ് കെ.എൻ.ബാലഗോപാൽ. അതുകൊണ്ടുതന്നെ കൊട്ടാരക്കര വളരും എന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിൽ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളെ തഴഞ്ഞതാണ് യു.ഡി.എഫിന്റെ ദയനീയ തോൽവിയ്ക്ക് കാരണം. ഈ വിഷയം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് കേരളകൗമുദിയാണ്. ഒരു പത്രം എന്നതിലുപരി സാമൂഹ്യപരമായ പോരാട്ടമായിരുന്നു ആ ദൗത്യം. അതുൾക്കൊണ്ടാണ് പൊതുസമൂഹം പിണറായി വിജയൻ സർക്കാരിന് തുടർ ഭരണത്തിന് അനുകൂല നിലപാട് എടുത്തത്.(സതീഷ് സത്യപാലൻ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ)

ജനങ്ങൾ ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെ പൂർണമായും അംഗീകരിച്ചതിന്റെ റിസൾട്ടാണ് ഇപ്പോൾ ലഭിച്ചത്. ജനങ്ങളോട് ആയിരം നന്ദി പറയുകയാണ്. സർക്കാരിന്റെ പ്രവർ‌ത്തനങ്ങൾ ഞങ്ങൾ പൂർണ തലത്തിൽ എല്ലാ മണ്ഡലത്തിലും എത്തിച്ചു. ഇതെല്ലാം നല്ല ഗുണം ഉണ്ടാക്കി. നല്ല വികസനവും ക്ഷേമപ്രവർത്തനവും ഒരുപോലെ കൊണ്ടുപോയി. അതിന്റെ തുടർച്ചയാണ് ഇനി സംഭവിക്കുക. കെ.എൻ.ബാലഗോപാലിൽ ഈ നാട് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. അദ്ദേഹം അതെല്ലാം യാഥാർത്ഥ്യമാക്കുമെന്നതിൽ സംശയമില്ല. കൂട്ടായ പ്രവർത്തനങ്ങൾ, നാടിന്റെ നന്മയ്ക്കായിട്ടുള്ള ഒത്തുചേരൽ എല്ലാം ഗുണകരമായി. അത് ഇനിയും തുടരും. പി.ഐഷാപോറ്റി

കെ. എൻ. ബാലഗോപാലിന്റെ വിജയം സാധാരണക്കാരന്റെ വിജയമാണ്. ഐഷാ പോറ്റി ഞങ്ങളുടെ ഹൃദയം കീഴടക്കിയ ജന പ്രതിനിധി ആണ്. ഇവിടെ നടത്തിയ വികസനം ചെറുതല്ല. അതിന്റെ തുടർച്ചയ്ക്ക്, സമഗ്ര വികസനത്തിന്‌ ബാലഗോപാലിൽ വലിയ പ്രതീക്ഷയും വിശ്വാസവും ഉണ്ട്. ആർക്കും എന്ത് ആവശ്യത്തിനും ഒപ്പം ഉണ്ടാകും എന്ന് ഞങ്ങൾക്ക് അറിയാം. അനുജ ദാസ്, വീട്ടമ്മ )