ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിൽ അഞ്ചാം തവണയും ഇടതുപക്ഷ സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന് വിജയം. യു.ഡി.എഫിൽ നിന്ന് ആർ.എസ്.പി സ്ഥാനാർത്ഥിയായി രണ്ടാം തവണയും മത്സരിച്ച ഉല്ലാസ് കോവൂരിനെയാണ് ഇടത് സ്വതന്ത്രനായി അങ്കത്തിനിറങ്ങിയ കോവൂർ കുഞ്ഞുമോൻ 2,790 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ഉല്ലാസ് കോവൂരിന് നേരിയ മുൻതൂക്കമുണ്ടായിരുന്നെങ്കിലും പിന്നീട് കോവൂർ കുഞ്ഞുമോൻ അതിനെ മറികടക്കുകയായിരുന്നു. ആകെ 1,60,984 വോട്ടുകൾ പോൾ ചെയ്തപ്പോൾ 69,436 വോട്ടുകളാണ് കോവൂർ കുഞ്ഞുമോന് ലഭിച്ചത്. ഉല്ലാസ് കോവൂർ 66,646 വോട്ടുകൾ നേടി. 5,685 പോസ്റ്റൽ വോട്ടുകളിൽ 2,629 വോട്ടുകൾ എൽ.ഡി.എഫിനും 2,320 വോട്ടുകൾ യു.ഡി.എഫിനും ലഭിച്ചു. ബി.ജെ.പിക്ക് വോട്ടിംഗ് ശതമാനത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഒട്ടുമിക്ക ബൂത്തുകളിലും നേരിയ വോട്ടുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ആർ.എസ്.പി മുന്നണി വിട്ടപ്പോൾ സ്വന്തമായി പാർട്ടിയുണ്ടാക്കി ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച കുഞ്ഞുമോന് കഴിഞ്ഞ തവണ 22,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.