kk
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി.ഗണേശ് കുമാർ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പത്തനാപുരത്തെ വസതിയിൽ ഭാര്യ ബിന്ദു മേനോന് മധുരം നൽകി ആഹ്ലാദം പങ്കിടുന്നു

പത്തനാപുരം: അഞ്ചാം തവണയും പത്തനാപുരത്ത് വിജയതിലകമണിഞ്ഞ് കെ.ബി. ഗണേശ്കുമാർ. യു.ഡി.എഫിന്റെ ജ്യോതികുമാർ ചാമക്കാലയെ 14,302 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കേരളകോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തിന് ലഭിച്ച ഏക സീറ്റാണ് പത്തനാപുരം. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും വലിയ ഭൂരിപക്ഷമാണ് ഗണേശ്കുമാർ നേടിയത്. പോസ്റ്റൽ വോട്ടിലും ഗണേശ് കുമാറിനായിരുന്നു വോട്ട് കൂടുതൽ.

മണ്ഡലത്തിൽ 4000ത്തിലധികം പോസ്റ്റൽ വോട്ടുകൾ ഉണ്ടായിരുന്നു. 2001 മുതൽ പത്തനാപുരം മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുകയാണ് ഗണേശ്കുമാർ. 2016 ലെ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടുനില ഇത്തവണ മെച്ചപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗണേശ് കുമാർ വിജയിച്ചത്. ഇത്തവണ അത് 14,302 ആയി കുറഞ്ഞു. ആകെ 1,36,632 വോട്ടാണ് പോൾ ചെയ്തത്.