കൊല്ലം: അച്ഛൻ എൻ. വിജയൻപിള്ളയ്ക്ക് പിന്നാലെ മകൻ ഡോ. സുജിത്ത് വിജയൻപിള്ളയെ നായകനായി തിരഞ്ഞെടുത്ത് ചവറയിലെ ജനങ്ങൾ സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരത്തിന് അടിവരയിട്ടു. ചവറയുടെ നായകനാകാൻ കളത്തിലിറങ്ങിയ കേരള കിസിഞ്ചറിന്റെ മകൻ ഷിബു ബേബിജോണിനെ ചവറയിലെ ജനങ്ങൾ വീണ്ടും കൈവെടിഞ്ഞു. ലീഡ് നില മാറിയും മറിഞ്ഞും അവസാന നിമിഷം വരെ നീണ്ട നെഞ്ചിടിപ്പിനൊടുവിലാണ് ചവറ ഇടതുപക്ഷത്തേക്ക് വീണ്ടും ചാഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുമ്പോഴും പുറമേയുള്ള പ്രചരണം ഷിബു വിജയിക്കുമെന്നായിരുന്നു. എന്നാൽ സുജിത്ത് വിജയൻപിള്ള ജനങ്ങളുടെ മനസിലേക്ക് പതിയെ കയറിപ്പറ്റുകയായിരുന്നു.
യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായ പന്മന, നീണ്ടകര, തേവലക്കര പ്രദേശങ്ങളിൽ പ്രതീക്ഷിച്ച ലീഡ് ലഭിച്ചില്ല. യു.ഡി.എഫ് ആറായിരം വോട്ട് പ്രതീക്ഷിച്ചിരുന്നിടത്ത് പന്മനയിലെ ലീഡ് അഞ്ഞൂറിൽ താഴെയായി ചുരുങ്ങിയപ്പോൾ തന്നെ യു.ഡി.എഫ് കേന്ദ്രങ്ങൾ പരാജയം മണത്തു. ഇടയ്ക്ക് ഷിബു ലീഡ് ചെയ്യും. ഇത്തിരി കഴിയുമ്പോൾ സുജിത്ത് വിജയൻപിള്ള തിരിച്ചുപിടിക്കും. അല്പം കഴിയുമ്പോൾ ഷിബു മറികടക്കും. പക്ഷെ ഒരു ഘട്ടത്തിലും ഇരു സ്ഥാനാർത്ഥികൾക്കും ലീഡ് അഞ്ഞൂറിന് മുകളിൽ സ്ഥിരമായി നിലനിറുത്താനായില്ല. ഏറ്റവും ഒടുവിൽ ഭൂരിപക്ഷം ഇരുനൂറിൽ താഴേക്ക് ഇടിഞ്ഞ ശേഷമാണ് ആയിരത്തിലേക്ക് ഉയർത്തി വിജയം ഉറപ്പിച്ചത്.