കൊല്ലം: പുനലൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. സുപാലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത്. 37,057 വോട്ടുകൾ. ചവറയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ളയാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷക്കാരൻ. 1,096 വോട്ടുകൾ. 29,096 വോട്ടിന്റെ വ്യത്യാസത്തിൽ വിജയിച്ച കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷാണ് ഭൂരിപക്ഷത്തിൽ രണ്ടാമൻ. ഇരവിപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ വിജയിച്ചത്. കഴിഞ്ഞ തവണ 28,803 വോട്ട് ഭൂരിപക്ഷം നേടിയപ്പോൾ ഇത്തവണ 28,121 ആയി ഉയർന്നു. കുന്നത്തൂരിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോനാണ് കുറഞ്ഞ ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനം. 2,790 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ കുഞ്ഞുമോന്റെ ഭൂരിപക്ഷം 20,529 ആയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ പി. എെഷാപോറ്റി നേടിയ ഭൂരിപക്ഷം ഇക്കുറി ആർക്കും മറികടക്കാനുമായില്ല. 42,632 ആയിരുന്നു അന്നത്തെ ഭൂരിപക്ഷം.