ചാത്തന്നൂർ: രണ്ടാം സ്ഥാനം നിലനിറുത്തിയ ചാത്തന്നൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ കഴിഞ്ഞ തവണത്തേക്കാൾ അധികം നേടിയത് 8,891 വോട്ടുകൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലിന്റെ ഭൂരിപക്ഷത്തിൽ വിള്ളൽ വീഴ്‌ത്തിയ തിരഞ്ഞെടുപ്പിൽ 4,081 വോട്ടുകൾ യു.ഡി.എഫിനും വർദ്ധിച്ചു. അതേസമയം, മുൻ എം.പി കൂടിയായ എൻ. പീതാംബരക്കുറുപ്പിന് മുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ച മൂന്നാംസ്ഥാനം ഇക്കുറി മറികടക്കാനായില്ല.
കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ, ചിറക്കര പഞ്ചായത്തുകളിലെ ചില ബൂത്തുകളിൽ ഒന്നാമതെത്താൻ ബി.ജെ.പിക്കായി. പരവൂർ നഗരസഭയിലും കല്ലുവാതുക്കൽ, ചിറക്കര, പൂതക്കുളം, ആദിച്ചനല്ലൂർ പഞ്ചായത്തുകളിലും നിരവധി ബൂത്തുകളിൽ കോൺഗ്രസിനെ പിന്തള്ളി രണ്ടാമതെത്തുകയും ചെയ്തു. ചാത്തന്നൂർ, ചിറക്കര, പൂതക്കുളം, കല്ലുവാതുക്കൽ പഞ്ചായത്തുകളിൽ യു.ഡി.എഫിനേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ബി.ജെ.പി.
ചിട്ടയായ പ്രവർത്തനവും പുതിയ വോട്ടർമാരെ സ്വാധീനിക്കാനായതും ബി.ബി. ഗോപകുമാറിന്റെ മണ്ഡലത്തിലെ ജനസമ്മതി വർദ്ധിപ്പിച്ചതായാണ് നിഗമനം. 2011ലെ തിരഞ്ഞെടുപ്പിൽ രണ്ടായിരം കടക്കാനാകാതിരുന്ന ബി.ജെ.പിയുടെ മുന്നേറ്റത്തിൽ ഗോപകുമാറിന്റെ സൗമ്യമായ പ്രതിഛായയും പ്രധാനഘടകമായതായി വിലയിരുത്തുന്നു. 2016ലെ 33,139ൽ നിന്ന് 42,090 വോട്ടുകളിലേക്കുള്ള പ്രയാണം മണ്ഡലത്തിലെ എല്ലാ മേഖലകളിലും കടന്നുചെല്ലാൻ ബി.ജെ.പിക്കായി എന്നതിന്റെ തെളിവാണ്.