c

നഗരത്തിലെ കൊവിഡ് ബാധിതർ പ്രതിസന്ധിയിൽ

കൊല്ലം: നഗരത്തിലെ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ (പി.എച്ച്.സി) കൊവിഡ് ബാധിതർക്ക് നൽകിവരുന്ന മരുന്നുകളുടെ സ്റ്റോക്ക് തീർന്നിട്ട് ആഴ്ചകൾ പിന്നിടുന്നു. കൊവിഡ് രോഗികൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന വൈറ്റമിൻ സി, ഡി, സിങ്ക് കാപ്സ്യൂൾ, മൾട്ടി വൈറ്റമിൻ ഗുളികകളാണ് ലഭ്യമല്ലാത്തത്. ഇതുമൂലം രോഗബാധിതരുടെ ബന്ധുക്കളും സന്നദ്ധ പ്രവർത്തകരും മരുന്നിനായി നെട്ടോട്ടമോടുകയാണ്.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മരുന്ന് എത്തിച്ചുനൽകേണ്ടത് ആശാ പ്രവർത്തകരാണ്. എന്നാൽ രോഗബാധിതരോ ബന്ധുക്കളോ ഇവരുമായി ബന്ധപ്പെടുമ്പോൾ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങാനാണ് നിർദ്ദേശിക്കുന്നത്. തീരെ പാവപ്പെട്ടവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്.

ആന്റിജൻ പരിശോധന ഉണ്ടായിരുന്നപ്പോൾ രോഗം സ്ഥിരീകരിക്കുന്നവർക്ക് പരിശോധനാ കേന്ദ്രത്തിൽ നിന്നുതന്നെ മരുന്ന് നൽകുമായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധന മാത്രമാക്കിയതോടെ ആദ്യം തന്നെ മരുന്ന് കിട്ടാനുള്ള വഴിയും അടഞ്ഞു.

 വീടുകളിൽ കഴിയുന്നവരേറെ

നഗരസഭയുടെ ഔദ്യോഗിക കണക്ക് പ്രകാരം നഗരത്തിൽ 2,548 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതിൽ 75ൽ താഴെയാളുകൾ മാത്രമാണ് ആശ്രാമത്തെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുള്ളത്. ബാക്കിയുള്ളവരെല്ലാം വീടുകളിൽ കഴിയുകയാണ്. കുടുംബത്തോടെ കൊവിഡ് സ്ഥിരീകരിച്ചവരാണ് വലിയൊരു വിഭാഗം. കൊവിഡ് സ്ഥിരീകരിക്കാത്ത ബന്ധുക്കൾ നിരീക്ഷണത്തിലുമുണ്ട്.

'' പി.എച്ച്.സികളിൽ മരുന്നില്ലാത്തതിനാൽ പാവങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. നഗരത്തിലെ നിരവധി കോളനികളിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവരിൽ പലരും കൂലിപ്പണിക്കാരാണ്. സ്പോൺസർമാരെ കണ്ടെത്തി ഇവർക്ക് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് മരുന്ന് വാങ്ങിനൽകുന്നത്.''

ടി.ആർ. അഭിലാഷ് (ഉളിയക്കോവിൽ കൗൺസിലർ)