പുനലൂർ: കേരള രാഷ്ട്രീയത്തിലെ അത്ഭുത പ്രതിഭാസമായിരുന്നു ആർ.ബാലകൃഷ്ണ പിള്ളയെന്ന് പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല പറഞ്ഞു.പുനലൂരിലെ എൻ.എസ്.എസ് യൂണിയൻ ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച ഭൗതീക ശരീരത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും വ്യക്തിപരമായി സ്നേഹം ഉണ്ടായിരുന്ന അദ്ദേഹം ഒരു കാരണവരും പുതിയ തലമുറക്ക് എന്നും പ്രചോദനവുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനത്തെ കേരളത്തിന് മറക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ പുനലൂരിലെ എൻ.എസ്.എസ്.താലൂക്ക് യൂണിയൻ ആസ്ഥാനത്തെത്തിച്ച ഭൗതീക ശരീരത്തിൽ സമൂഹത്തിന്റെ നാന തുറകളിൽപ്പെട്ട ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. മന്ത്രി കെ.രാജു,കൊടിക്കുന്നിൽ സുരേഷ് എം.പി,എം.മുകേഷ് എം.എൽ.എ, നിയുക്ത എം.എൽ.എ മാരായ പി.എസ്.സുപാൽ, കെ.എൻ.ബാലഗോപാൽ,കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, എസ്.എൻ.ഡി..പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്‌കുമാർ, ഭരതീപുരം ശശി, പുനലൂർ മധു, ചാമക്കാല ജ്യോതികുമാർ, കെ.എസ്.ഇന്ദുശേഖരൻ, എസ്.ബിജു, സി.അജയപ്രസാദ് തുടങ്ങിയ നിരവധി പേർ എത്തിയിരുന്നു.