പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയോരത്ത് അശാസ്ത്രീയ ഓട നവീകരണത്തെ തുടർന്ന് അപകടം പതിവാകുന്നു. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ദേശീയ പാതയോരത്തെ വിവിധ ഭാഗങ്ങളിലെ ഓട നവീകരണങ്ങളിൽ വന്ന പാളിച്ചകളാണ് അപകടങ്ങൾക്ക് മുഖ്യകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിൽ കലയനാടിന് സമീപത്തെ കൊടും വളവിലെ ഓടയാണ് പ്രധാന അപകടക്കെണി.തെന്മല ഭാഗത്ത് നിന്ന് പുനലൂരിലേക്ക് വരുന്ന വാഹനങ്ങൾ കൊടും വളവ് തിരിയുമ്പോൾ ഓടയുടെ കോൺക്രീറ്റ് മൂടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് അപകടമുണ്ടാകുന്നു.
റോഡ് നിരപ്പിൽ നിന്ന് ഉയരത്തിൽ
റോഡ് നിരപ്പിൽ നിന്ന് ഒന്നര അടിയോളം ഉയരത്തിലാണ് ഓടയും അതിന് മുകളിൽ കോൺക്രീറ്റ് മൂടിയും സ്ഥാപിച്ചിരിക്കുന്നത്. റോഡ് നിരപ്പിൽ ഓട പുനർ നിർമ്മിച്ചിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാമായിരുന്നു. വാഹനങ്ങൾ ഇടിച്ച് ഇളക്കിയ ഓടയുടെ കോൺക്രീറ്റ് മൂടികൾ പുന:സ്ഥാപിച്ച് ബലപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ദേശീയ പാതയുടെ നിരപ്പിൽ ഓട നവീകരിച്ച് സ്ലാബുകൾ സ്ഥാപിച്ചിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. മഴ പെയ്താൽ വെള്ളം ഓടയിൽ ഇറങ്ങാൻ കഴിയാതെ റോഡിലൂടെയാണ് ഒഴുകി പോകുന്നത്.ഇത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടായി മാറുകയാണ്.പല ഭാഗങ്ങളിലും റോഡിൽ മഴവെള്ളം കെട്ടി കിടന്ന് ചെളിക്കുണ്ടായും മാറുകയാണ്.
നടപടിയെടുക്കാതെ അധികൃതർ
32കോടിയോളം രൂപ ചെലവഴിച്ച് എട്ട് മാസം മുമ്പ് റീ ടാറിംഗ് നടത്തി നവീകരിച്ച് മോടി പിടിപ്പിച്ച പാതയോരത്തെ ഓടയാണ് അപകട ഭീഷണി ഉയർത്തുന്നത്. ഇപ്പോൾ ഓടയിലേക്ക് കാട് വളർന്ന് ഇറങ്ങിയതും അപകടങ്ങൾക്ക് കാരണമാണ്. അശാസ്ത്രീയമായ ഓട നിർമ്മാണം പരിഹരിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ദേശീയ പാത അധികൃതരുടെ യോഗം ചേർന്ന് തീരുമാനം എടുത്തിരുന്നു. എന്നാൽ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള പാതയോരങ്ങളിലെ ഓടയുടെ ദയനീയ സ്ഥിതി പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാൻ ഇത് വരെ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
32കോടിയോളം ചെലവഴിച്ച് റോഡ് നിർമ്മാണം
ഓടകൾ റോഡിനേക്കാൾ ഉയരത്തിൽ
വാഹനാപകടങ്ങൾ പതിവ്
റോഡിൽ വെള്ളക്കെട്ടും ചെളിക്കുണ്ടും