photo
വാളകം എം.എൽ.എ ജംഗ്ഷൻ

കൊല്ലം: വാളകം എൽ.എൽ.എ ജംഗ്ഷന്റെ നാഥൻ. ഇരുപത്തഞ്ചാം വയസിൽ ആർ.ബാലകൃഷ്ണപിള്ള നിയമസഭാ സാമാജികനായപ്പോഴാണ് കവലയ്ക്ക് എം.എൽ.എ ജംഗ്ഷനെന്ന പേരുവീണത്. എം.സി റോഡിൽ വാളകം ജംഗ്ഷന്റെ തൊട്ടടുത്ത കവലയാണിത്. ഇവിടെ നിന്നാണ് ആർ.ബാലകൃഷ്ണ പിള്ളയുടെ കീഴൂട്ട് വീട്ടിലേക്ക് പോകേണ്ടത്. സമീപത്തായി പിള്ളയുടെ ഉടമസ്ഥതയിലുള്ള രാമവിലാസം സ്കൂളുകളും ബി.എഡ് കോളേജുമുണ്ട്. കൊട്ടാരക്കര പട്ടണത്തിൽ കീഴൂട്ട് എന്ന പേരിൽത്തന്നെ മറ്റൊരു വീടുണ്ടെങ്കിലും വാളകത്തെ വീട്ടിലാണ് പിള്ള അധികവും താമസിച്ചിരുന്നത്. പ്രദേശത്തെ എന്ത് വിശേഷങ്ങൾക്കും പിള്ളയുടെ സാന്നിദ്ധ്യവുമുണ്ടാകും. എം.എൽ.എ ജംഗ്ഷനിലാണ് താമസിക്കുന്നതെന്ന് അഭിമാനത്തോടെയാണ് നാട്ടുകാർ പറഞ്ഞിരുന്നതും. കീഴൂട്ട് വീട്ടിലേക്ക് ആർക്കും എപ്പോഴും ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. എം.എൽ.എ ജംഗ്ഷൻ എം.സി റോഡിന്റെ കണ്ണായ ഭാഗമാണെങ്കിലും തീർത്തും ഗ്രാമാന്തരീക്ഷമാണ് . തോടും വയലുമൊക്കെയുള്ള സുന്ദരഗ്രാമത്തിന്റെ നാഥനായിട്ടാണ് ആർ.ബാലകൃഷ്ണ പിള്ള ഇത്രകാലവും നിന്നിരുന്നത്. എം.എൽ.എയും മന്ത്രിയും എം.പിയും പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായി എന്നും അധികാരക്കസേരകൾ ഒപ്പം ചേർത്ത് നിറുത്തിയിരുന്ന പിള്ളയുടെ വിയോഗ വാർത്ത ഗ്രാമത്തിന് തീരാനൊമ്പരമായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള ചടങ്ങുകളായതിനാൽ എല്ലാവർക്കും ആ ചേതനയറ്റ ശരീരം ഒരുനോക്ക് കാണാൻ കഴിഞ്ഞതുമില്ല.