christy-b-john-34

കിഴക്കേകല്ലട: വീടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന കാർ പിന്നിലേക്കെടുക്കാൻ ടയറിനടിയിൽ വച്ചിരുന്ന അട നീക്കം ചെയ്യാൻ ശ്രമിക്കവെ പിന്നിലേക്ക് നീങ്ങിയ കാറിനടിയിൽപ്പെട്ട് അദ്ധ്യാപകന് ദാരുണാന്ത്യം. കിഴക്കേകല്ലട ശിങ്കാരപ്പള്ളി പള്ളിയാടിയിൽ പരേതനായ ബേബി ജോണിന്റെയും റിട്ട. ഹെഡ് മിസ്ട്രസ് ഗ്രേസിയുടെയും മകൻ ക്രിസ്റ്റി.ബി. ജോണാണ് (34) മരിച്ചത്. പടിഞ്ഞാറേകല്ലട ഗവ. എൽ.പി സ്കൂളിലെ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. നാട്ടുകാർ ഇദ്ദേഹത്തെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കാഞ്ഞിരകോട് കോട്ടക്കകത്ത് ലിജി ഭവനിൽ ലിജി ജൂലിയസാണ് ഭാര്യ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസീസ് ദേവാലയ സെമിത്തേരിയിൽ.