കുണ്ടറ: കോൺഗ്രസ്‌ കേരളപുരം മണ്ഡലം പ്രസിഡന്റ് പി. നിസാമുദ്ദീന്റെ കടയ്ക്കുനേരേ അജ്ഞാതർ മനുഷ്യവിസർജ്ജ്യമെറിഞ്ഞതായി പരാതി. ഇളമ്പള്ളൂർ പൊലിസ് ക്വാർട്ടേഴ്‌സിന് എതിർവശത്തെ നിസാം സ്റ്റോറിന് നേർക്കാണ് ഞായറാഴ്ച രാത്രി സാമൂഹ്യവിരുദ്ധർ മനുഷ്യവിസർജ്യം വലിച്ചെറിഞ്ഞത്. കടയുടെ ഷട്ടറിലും പരിസരത്തുമെല്ലാം മാലിന്യം വീണ് വൃത്തഹീനമായി.

നിസാമുദ്ദീൻ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മുൻവശം മുഴുവൻ മലിനമാക്കിയതായി കണ്ടത്. സംഭവമറിഞ്ഞ് നിയുക്ത എം.എൽ.എ. പി.സി. വിഷ്ണുനാഥ്‌, ഡി.സി.സി സെക്രട്ടറി ആന്റണി ജോസ്, കെ.ആർ.വി. സഹജൻ, യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ബാബുരാജൻ, വി. നൗഫൽ, അബ്ദുൽ ലത്തീഫ് തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി. നിസാമുദ്ദീൻ കുണ്ടറ പൊലീസിൽ പരാതി നൽകി.