bjp

ബൂത്ത്തലത്തിലെ വോട്ടുകളുടെ കണക്കുതേടി ബി.ജെ.പി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ വോട്ട് ചോർച്ച പരിശോധിക്കാൻ കണക്കെടുപ്പുമായി ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ മുതൽ ജില്ലാ ഭാരവാഹികൾ വരെ സ്വന്തം ബൂത്തുകളിൽ ലഭിച്ച വോട്ടിന്റെ കണക്ക് നൽകാൻ ജില്ലയുടെ ചുമതലയുള്ള സംഘടനാ സെക്രട്ടറി കൂവൈ സുരേഷ് നിർദ്ദേശം നൽകി. നേതാക്കൾ അലസരായോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ആർ.എസ്.എസും വരുംദിവസങ്ങളിൽ കണക്കെടുപ്പ് ആരംഭിക്കും. ഇതിനായി ഓരോ മണ്ഡലങ്ങളിലെയും വിവിധ പരിവാർ സംഘടനാ നേതാക്കളുടെ യോഗം പ്രത്യേകം ചേരും. ബി.ജെ.പി ജില്ലാ കമ്മിറ്റി യോഗം ചേർന്ന് ഫലം വിലയിരുത്തിയിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ലഭിച്ചതിന് ശേഷമേ പരിശോധന നടക്കൂ.

ചോർച്ചയുടെ ആഴം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബി.ജെ.പിക്ക് 2,07,291 വോട്ടാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകൾ ഇത്തവണ മുപ്പതിനായിരത്തോളം വർദ്ധിച്ചിട്ടും ബി.ജെ.പിക്ക് 12,338 വോട്ടുകളുടെ കുറവുണ്ട്. ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ചവറ മണ്ഡലങ്ങളിലൊഴികെ വോട്ട് ചോർന്നു.

ചാത്തന്നൂരിൽ വിജയപ്രതീക്ഷ ഉണ്ടായിരുന്നതിനാൽ ആത്മാർത്ഥമായ പ്രവർത്തനം നടന്നു. ചടയമംഗലത്തും പുനലൂരിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ന്യൂനപക്ഷ വിഭാഗക്കാരായതിനാലാണ് അവിടങ്ങളിൽ വോട്ട് ചോരാതിരുന്നതെന്നാണ് ബി.ജെ.പി നേതാക്കൾ തന്നെ പറയുന്നത്. കരുനാഗപ്പള്ളിയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് ഇടിഞ്ഞു.

നിരാശ വേണ്ട !

തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിരാശ വേണ്ടെന്ന് ജില്ലാ നേതൃത്വം താഴെത്തട്ടിലെ പ്രവർത്തകരെ ആശ്വസിപ്പിച്ചിട്ടുണ്ട്. ഒറ്റക്കെട്ടായി ബൂത്ത് തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം.

തിരഞ്ഞെടുപ്പുകളും ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളും

2016 (നിയമസഭ): 2,07,291

2020 (തദ്ദേശം): 3,40,089

2019 (പാർലമെന്റ്): 1,93,172

2021(നിയമസഭ): 1,94,953

വോട്ട് നിലവാരം 2021, 2016

കരുനാഗപ്പള്ളി: 12,144 - 19,115

ചവറ: 14,211 - 10,276

കുന്നത്തൂർ: 21,760 - 21,742

കൊട്ടാരക്കര: 21,223 - 24,062

പത്തനാപുരം: 12,398 - 11,700

പുനലൂർ: 20,069 - 10,558

ചടയമംഗലം: 22,238 - 19,259

കുണ്ടറ: 6,100 - 20,257

കൊല്ലം: 14,252 - 17,409

ഇരവിപുരം: 8,468 - 19,714

ചാത്തന്നൂർ: 42,090 - 33,199