പരവൂർ: ഇടിമിന്നലേറ്റ് സ്വകാര്യ വ്യക്തിയുടെ വൈദ്യുത മീറ്റർ ബോർഡിന് തീപിടിച്ചത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടപ്പുറം കമലാസദനത്തിൽ പി. ബാലചന്ദ്രൻ പിള്ളയുടെ വീട്ടിലാണ് സംഭവം. വിവരമറിഞ്ഞ ഉടൻ പരവൂർ അഗ്നിശമന സേനയെത്തി കൂടുതൽ അപകടം ഒഴിവാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. യേശുദാസ്, സി. സാബു, രാജു മോൻ, സൂരജ്, അനസ്, രാമചന്ദ്രൻ, ബൈജു, അബ്ബാസ് എന്നിവർ തീയണയ്ക്കാൻ നേതൃത്വം നൽകി. 25000ൽ അധികം രൂപയുടെ നഷ്ടം സംഭവിച്ചെന്ന് വീട്ടുടമ പറഞ്ഞു.