ചാത്തന്നൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാറുകളും മദ്യവില്പനശാലകളും പൂട്ടിയതോടെ ചാത്തന്നൂരിലും പരിസര പ്രദേശങ്ങളിലും വ്യാജവാറ്റും മദ്യവില്പനയും വ്യാപകമായി. പോളച്ചിറ, പാരിപ്പള്ളി കോട്ടയ്ക്കേറം, കല്ലുവാതുക്കൽ, കരിമ്പാലൂർ, ചിറക്കര, ആദിച്ചനല്ലൂർ, പൂതക്കുളം തോണിപ്പാറ, ചാത്തന്നൂർ ഊറാംവിള ഭാഗങ്ങളിലാണ് വ്യാജച്ചാരായ വില്പന സജീവമായത്.
ഗുണനിലവാരം അനുസരിച്ച് ലിറ്ററിന് 1500 മുതൽ 2500 വരെയാണ് ചാരായത്തിന് വില ഈടാക്കുന്നത്. കല്ലുവാതുക്കൽ പുലിക്കുഴി ഭാഗത്തുനിന്നാണ് പോളച്ചിറ, ചാത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രധാനമായും വ്യാജച്ചാരായം എത്തിക്കുന്നത്. പണത്തിന് പുറമേ ചാരായത്തിനു പകരം തുല്യതുകയ്ക്ക് കഞ്ചാവ് നൽകുന്ന കച്ചവടവും പോളച്ചിറയിൽ നടത്തുന്നുണ്ട്.
വ്യാജവിദേശമദ്യം
വ്യാജച്ചാരായത്തിന് പുറമേ വ്യാജവിദേശമദ്യവും പ്രദേശത്ത് വിൽക്കുന്നതായി വിവരം. 700 രൂപയ്ക്ക് വിറ്റിരുന്ന ബ്രാൻഡ് ഫുൾ ബോട്ടിലിന് 2500 മുതൽ 3000 വരെയാണ് വില. 400 രൂപയിൽത്താഴെ വിലയുണ്ടായിരുന്ന ഒരു പൈന്റിന് 1500 രൂപ വരെ നൽകി വാങ്ങാനും ആളുണ്ട്.