കൊല്ലം: റാസ്പുടിന്റെ നാട്ടുകാരി 'ഡോമിനോ' ഡോക്ടർമാർ നിർദേശിച്ച ക്വാറന്റൈൻ പൂർത്തിയാക്കി കൊല്ലത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ പുറത്തിറങ്ങി. കുണ്ടറ നാന്തിരിക്കൽ സ്വദേശി സുരേഷ് റഷ്യയിലെ സമീര നഗരത്തിൽ നിന്ന് കൊല്ലത്തെത്തിച്ച അലങ്കാരപ്പൂച്ചയാണ് ഡോമിനോ. റഷ്യൻ പൂച്ചകളോടുള്ള പ്രണയം മൂലം ഒന്നര മാസം മുമ്പാണ് സുരേഷ് ഡോമിനോയെ സ്വന്തമാക്കിയത്. കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയതോടെ കൊവിഡ് മാനദണ്ഡമനുസരിച്ച് പൂച്ചയെയും നിരീക്ഷണത്തിലാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തുടർന്ന് വീട്ടിൽ ഒരു പ്രത്യേകമുറി സജ്ജമാക്കി ഡോമിനോയെ നിരീക്ഷണത്തിലാക്കി.
റഷ്യയിലെ പൂച്ചപ്രദർശനത്തിൽ രണ്ടാംസ്ഥാനക്കാരനായ ഗന്ധർവനാണ് ഡോമിനോ. പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സംഘടനയായ ക്യാറ്റ് ഫാൻസിയേഴ്സ് അസോസിയേഷന്റെ സാക്ഷ്യപത്രവും നേടിയിട്ടുണ്ട്. തൂവെള്ളമേനിയിൽ തലയിലും വാലിലും മാത്രം കറുപ്പ് നിറം പടരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് വാൻ എന്ന മാതൃകയിലാണ് ഡോമിനോ ഉൾപ്പെടുന്നത്. ഉരുളക്കിഴങ്ങ്, ബീഫ്, മുട്ട, ഗ്രീൻപീസ്, ക്യാരറ്റ്, ഞണ്ട് റോസ്റ്റ് എന്നിവയാണ് പ്രിയ ഭക്ഷണങ്ങൾ.
ഒന്നര മാസത്തെ ക്വാറന്റൈന് ശേഷം പുറത്തിറങ്ങിയ ഡോമിനോ സുരേഷ് ഭവനിലെ മറ്റ് അന്തേവാസികളായ പേർഷ്യൻ പൂച്ചകളെ കണ്ട് സൗഹൃദം സ്ഥാപിച്ചു. മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോളനുസരിച്ചുള്ള പരിശോധനകളും നടന്നു. എലിപ്പനി, പേവിഷബാധ, ക്യാറ്റ് സ്ക്രാച്ച് ഫീവർ എന്നീ രോഗങ്ങളുടെ സാന്നിദ്ധ്യം പരിശോധിക്കുന്ന ആന്റിജൻ ടെസ്റ്റുകളും രക്ത പരിശോധനയുമാണ് നടത്തിയത്. എല്ലാ ടെസ്റ്റുകളിലും നെഗറ്റീവായ ഡോമിനോ പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോമിനോയെ കാണാൻ കൗതുകത്തോടെയെത്തുന്ന സന്ദർശകരെ കൊവിഡ് നിയന്ത്രണങ്ങൾ ഓർമ്മിപ്പിച്ച് പിന്തിരിപ്പിക്കുകയാണ് സുരേഷ്.