പുത്തൂർ: ജലക്ഷാമം രൂക്ഷമായ പ്രദേശമാണെന്നത് പോലും പരിഗണിക്കാതെ അനാസ്ഥ തുടരുന്ന അധികൃതർ കോട്ടാത്തല പൂഴിക്കാട്ട് ചിറയ്ക്ക് ചരമഗീതം പാടുന്നു. സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലെത്തിയ ചിറ വൃത്തിയാക്കുമെന്ന് പറഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുതേടിയവരും നൽകിയ വാഗ്ദാനങ്ങൾ മറന്നു.
നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല നാലാം വാർഡിൽ ഉൾപ്പെടുന്ന പൂഴിക്കാട്ട് ചിറയോടുള്ള അവഗണന വർഷങ്ങളായി വച്ചുപുലർത്തുകയാണ് അധികൃതർ. പായലും കരിയിലകളും അടിഞ്ഞുകൂടിയ ചിറയിലെ വെള്ളം ഇപ്പോൾ ഉപയോഗപ്രദമല്ല. വർഷങ്ങൾക്ക് മുമ്പ് ഇടിഞ്ഞ സംരക്ഷണഭിത്തിയുടെ ഒരുഭാഗം ഇതുവരെയും പുനർനിർമ്മിച്ചിട്ടില്ല. ചിറയിലേക്കുള്ള വഴിയും ഏതാണ്ട് പൂർണമായും തകർന്നു.
പൂഴിക്കാട്ട് ചിറയുടെ ദുരിതാവസ്ഥ നിരവധിതവണ കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചെങ്കിലും സംരക്ഷണത്തിന് ചെറുവിരൽ പോലുമനക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് ചിറയിലെ വെള്ളം വറ്റിച്ചിരുന്നെങ്കിലും ചെളി പൂർണമായും കോരിമാറ്റാത്തതിനാൽ ഗുണം ചെയ്തില്ല. പിന്നീട് അധികൃതർ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയതുമില്ല.
നാടിന്റെ അനുഗ്രഹം
പതിറ്റാണ്ടുകൾക്ക് മുമ്പ് പൂഴിക്കാട് പ്രദേശത്തിന് ഏറെ അനുഗ്രഹമായിരുന്നു ചിറയാണ് ഇന്ന് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. കുളിക്കാനും അലക്കാനും നീന്താനുമൊക്കെയായി നിരവധിപേർ ഈ ജലാശയത്തെ ആശ്രയിച്ചിരുന്നു. ചിറയോട് ചേർന്ന് അനർട്ടിന്റെ സഹായത്തോടെ കുടിവെള്ള പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു.
തൊട്ടടുത്തുള്ള പൂഴിക്കാട് ലക്ഷംവീട് കോളനിയിൽ ഇപ്പോഴും കിണറില്ലാത്ത നിരവധി വീടുകളുണ്ട്. അവർക്കൊക്കെ ഈ ചിറ ഒരുകാലത്ത് വലിയ ആശ്വാസമായിരുന്നു.