photo
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി

കരുനാഗപ്പള്ളി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലേക്ക്. സർക്കാരിന്റെ അടിയന്തര ധനസഹായം ലഭ്യമായില്ലെങ്കിൽ പല ചികിത്സകളും നിറുത്തിവയ്ക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയുടെ വരുമാനത്തിലുണ്ടായ വലിയ ഇടിവാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണം. താത്കാലിക ജീവനക്കാരുടെ ശമ്പളം നൽകിക്കഴിഞ്ഞാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നത് എച്ച്.എം.സി ഫണ്ടിൽ നിന്നുള്ള പണം വിനിയോഗിച്ചായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണം ക്രമാതീതമായി കുറയുകയും പ്രതിമാസ വരുമാനത്തിൽ വലിയ ഇടിവുണ്ടാവുകയും ചെയ്തു.

കൊവിഡിന് മുമ്പ് ആശുപത്രിയുടെ പ്രതിമാസവരുമാനം 50 ലക്ഷം രൂപയോളമായിരുന്നു. ഇപ്പോഴത്തെ വരുമാനം 18 ലക്ഷം രൂപ മാത്രമാണ്. 124 താത്കാലിക ജീവനക്കാർക്ക് 16 ലക്ഷം രൂപ ശമ്പളമിനത്തിൽ നൽകിക്കഴിഞ്ഞാൽ ആശുപത്രിയുടെ ദൈനംദിനകാര്യങ്ങൾക്ക് പോലും പണംതികയാറില്ല. സാമ്പത്തികനില മോശമായ അവസ്ഥയിൽപ്പോലും നിലവിലുള്ള എല്ലാ ചികിത്സകളും തടസം കൂടാതെ നടത്തിവരുകയാണ്.

സർക്കാർ കനിയണം

ആശുപത്രിയിൽ കിടത്തിച്ചികിത്സ നൽകിയ രോഗികൾക്ക് പുറത്തു നിന്ന് മരുന്നുവാങ്ങി നൽകിയ ഇനത്തിലും ലാബിലേക്കുള്ള കെമിക്കൽസ് വാങ്ങിയ ഇനത്തിലും 25 ലക്ഷം രൂപയോളം ഇനിയും കൊടുത്തു തീർക്കാനുണ്ട്. ആശുപത്രിയിലെ ആംബുലൻസുകൾക്ക് പെട്രോളടിച്ച ഇനത്തിൽ 8 ലക്ഷം രൂപയോളം പെട്രോൾ പമ്പ് ഉടമകൾക്ക് നൽകാനുണ്ട്. ഇതെല്ലാം നൽകിയിരുന്നത് ആശുപത്രിയുടെ വികസന ഫണ്ടിൽ നിന്നാണ്. കൊവിഡ് ഭീഷണിയിൽ ആശുപത്രിയുടെ വരുമാനം ഇടിഞ്ഞതോടെയാണ് എല്ലാം അവതാളത്തിലായത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറണമെങ്കിൽ സർക്കാർ കനിയണം.

ലഭിക്കാനുള്ളത് 55 ലക്ഷം

ആർ.എസ്.ബി.വൈ പദ്ധതിയനുസരിച്ച് രോഗികൾക്ക് സൗജന്യ ചികിത്സ നൽകിയ ഇനത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്ന് ആശുപത്രിക്ക് 55 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. ഈ പണം ലഭിച്ചാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആശുപത്രിക്ക് കഴിയുമെന്ന് അധികൃതർ പറയുന്നു.

കൊവിഡിന് മുമ്പ് ആശുപത്രിയുടെ പ്രതിമാസവരുമാനം - 50 ലക്ഷം

ഇപ്പോഴത്തെ പ്രതിമാസവരുമാനം - 18 ലക്ഷം

124 താത്കാലിക ജീവനക്കാർക്ക് പ്രതിമാസം ശമ്പളമിനത്തിൽ നൽകേണ്ടത് - 16 ലക്ഷം