കൊട്ടാരക്കര: മനുഷ്യ വിസർജ്ജ്യം തോട്ടിലൊഴുക്കാനെത്തിയ മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ ചെന്നിത്തല സ്വദേശി സുധീഷിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുന്നതിന് അടക്കമുള്ള നടപടികൾക്കായി മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഇന്നലെ പുലർച്ചെ ഒരു മണിയോടെ പനവേലി നിരപ്പിൽ ഭാഗത്താണ് സംഭവം. മാലിന്യം തള്ളുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ടാങ്കറുമായി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാർ സംഘടിച്ചെത്തി വാഹനം ഉയർത്താൻ അനുവദിക്കാതെ തടഞ്ഞുവച്ചു. തുടർന്ന് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ഭാരവാഹികളെ വിവരം അറിയിച്ചു. പഞ്ചായത്തിന്റെ പരാതിയിലാണ് കൊട്ടാരക്കര സി.ഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് വാഹനമുൾപ്പടെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.പനവേലി നിരപ്പിൽ ഭാഗത്ത് രണ്ട് മാസമായി തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കിവരുന്നുണ്ട്. രാത്രികാലങ്ങളിലാണ് മാലിന്യം തള്ളുന്നത്. മുൻപ് നാല് തവണ ഇത്തരത്തിൽ കക്കൂസ് മാലിന്യം തോട്ടിലൊഴുക്കിയിരുന്നു. തുണി അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനുമൊക്കെ ഉപയോഗിക്കുന്നതാണ് തോട്. സ്വദേശികളാണ് രണ്ട് മാസമായി ഈ പ്രദേശത്ത് രാത്രിയിൽ മിനി ലോറിയിൽ ടാങ്ക് വച്ച് കക്കൂസ് മാലിന്യം കൊണ്ടുവന്ന് ഇവിടെ തോട്ടിലും ഏലായിലും ഒഴുക്കിയിരുന്നത്.