കൊല്ലം: മകളുടെ മരണത്തിന് നാലാം ദിവസം കിടപ്പുരോഗിയായ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മങ്ങാട് കണ്ടച്ചിറ ചേരിമുക്ക് സിന്ധു ഭവനിൽ മുരളീധരൻപിള്ളയാണ് (74) മരിച്ചത്. ഇന്നലെ പുലർച്ചെ മുരളീധരൻപിള്ളയെ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും മരിച്ചു. കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്നു.
കൊവിഡ് ചികിത്സയിലിരിക്കെ മുരളീധരൻപിള്ളയുടെ മകൾ സിന്ധു ഈ മാസം ഒന്നിനാണ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു മുരളീധരൻപിള്ള. നിർമ്മാണ തൊഴിലാളിയായിരുന്ന ഇദ്ദേഹം 22 വർഷം മുൻപ് കെട്ടിടത്തിൽ നിന്നുവീണ് പരിക്കേറ്റതിനെ തുടർന്നാണ് കിടപ്പിലായത്. ശരീരത്തിലുണ്ടായ മുറിവിൽ നിന്ന് രക്തമൊഴുകി പോയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
മേൽനടപടികൾക്കുശേഷം മൃതദേഹം ബന്ധുകൾക്കു വിട്ടുനൽകി. കൊവിഡ് മാനദണ്ഡപ്രകാരം സംസ്കാരം നടത്തി. ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: സുരേഷ് കുമാർ, പരേതയായ സിന്ധു. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.