800കിലോ റബർ ഷീറ്റുകൾ നഷ്ടപ്പെട്ടതായി പരാതി
ഓയൂർ: വട്ടപ്പാറയിൽ റബർ വ്യാപാരിയുടെ വീട്ടിലെ പുകപ്പുര കുത്തിത്തുറന്ന് 800കിലോ റബർ ഷീറ്റുകൾ മോഷ്ടിച്ചു. വട്ടപ്പാറ ജംഗ്ഷനിലെ കൊച്ചുകോണം റബർ ട്രേഡേഴ്സ് ഉടമ കൊച്ചു കോണത്ത് മേലതിൽ വീട്ടിൽ അബ്ദുൾ ജബ്ബാറിന്റെ റബർഷീറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച വെളുപ്പിന് 2 നും 4 നും ഇടയ്ക്കാണ് മോഷണം നടന്നത്. റബർ കടയിൽ നിന്ന് ശേഖരിച്ച ഷീറ്റുകൾ കഴുകി ഉണക്കുന്നതിനായി പുകപ്പുരയിൽ ഇട്ടിരിക്കുകയായിരുന്നു. പുകപ്പുരയുടെ കതകിന്റെ രണ്ട് പൂട്ടുകളും തകർത്തിട്ടുണ്ട്. അബ്ദുൾ ജബ്ബാറിന്റെ വീടും പുകപ്പുരയുമായി 100 മീറ്റർ അകലമുണ്ട്. പുലർച്ചെ 4 മണിയോടെ ജബ്ബാർ ഉണർന്ന് പുകപ്പുരയിൽ ചെന്ന് നോക്കുമ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് റബർ ഷീറ്റുകൾ നഷ്ടപ്പെട്ടതായി കണ്ടത്. വിവരം പൂയപ്പള്ളി പൊലീസിൽ അറിയിക്കുകയും ഉടൻ പൊലീസെത്തി തിരച്ചിൽ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. റബർ ഷീറ്റുകൾ ഉണക്കുന്നതിനായി തൂക്കിയിട്ടിരുന്ന കമ്പികൾ ഉൾപ്പടെയാണ് മോഷണം പോയത്. 128000 രൂപയുടെ റബർഷീറ്റുകളാണ് മോഷണം പോയതെന്ന് അബ്ദുൾ ജബ്ബാർ പറഞ്ഞു. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.